മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫര്‍ അന്ത്യവിശ്രമം കൊള്ളേണ്ടത് ഇന്ത്യയില്‍; റംഗൂണില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ രാജ്യത്തെത്തിക്കണമെന്ന ആവശ്യം ചൂടുപിടിക്കുന്നു
മുഗള്‍ രാജവംശത്തിലെ ഏറ്റവും അവസാന ചക്രവര്‍ത്തിയായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തിക്കണമെന്നും അദ്ദേഹം സ്വയം തിരഞ്ഞെടുത്ത ഡല്‍ഹി മെഹ്‌റോളിയിലെ ശ്മശാനത്തില്‍ അടക്കം ചെയ്യണമെന്നുമുള്ള ആവശ്യം ചൂടുപിടിക്കുന്നു. മാധ്യമപ്രവര്‍ത്തകരും ചരിത്രകാരന്മാരും അടങ്ങുന്ന ബുദ്ധിജീവികളാണ് ക്യമ്പയിനു പിന്നില്‍.
1857ല്‍ ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞ ഉടന്‍ സഫറിനെ ബ്രീട്ടീഷ് അധികൃതര്‍ റങ്കൂണിലേക്ക് നാടുകടത്തി. 1862 നവംബര്‍ 7ന് അവിടെവച്ചാണ് തന്റെ 87ാം വയസ്സില്‍ സഫര്‍ അന്തരിക്കുന്നത്.
ബ്രിട്ടീഷ് ഓഫിസറുടെ ഗാരേജില്‍ കിടന്നാണ് മുഗള്‍ രാജവംശത്തിലെ അവസാനവ രാജാവ് ജീവന്‍ വെടിഞ്ഞത്. സൈനിക കേന്ദ്രത്തിലെ ഏതോ ഒരു കോണിലാണ് അദ്ദേഹത്തെ അടക്കം ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തന്നെ തന്റെ പിതാമഹന്മാരെ അടക്കിയ അതേ സ്ഥലത്ത് അടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതിനുവേണ്ടി സ്ഥലവും അദ്ദേഹം കണ്ടെത്തി. അത് അടയാളപ്പെടുത്തിവയ്ക്കുകയും ചെയ്തു. പക്ഷേ, നാടുകടത്തിയതോടെ അത് നടന്നില്ല.
അദ്ദേഹത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യം ഇതാദ്യമായല്ല ഉയര്‍ന്നുവരുന്നത്. ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍, കുല്‍ദീപ് നയ്യാര്‍, നയീദ് നാഖ് വി തുടങ്ങി നിരവധി പേര്‍ ചേര്‍ന്ന് ഇത്തരമൊരു ആവശ്യം നേരത്തെ ഉയര്‍ത്തിയിരുന്നു.
അത്തരമൊരു അപേക്ഷ അക്കാലത്ത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് നല്‍കിയിരുന്നു. വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജും ഈ ആവശ്യം അംഗീകരിച്ചിരുന്നു.
ബറോഡയിലും കൊല്‍ക്കത്തയിലും ഭോപാലിലും ഹൈദരാബാദിലും ജീവിക്കുന്ന മുഗള്‍ രാജവംശത്തിലെ അനന്തരതലമുറകളും ഇക്കാര്യത്തില്‍ താല്‍പര്യമെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ രാഷ്ട്രപതിയായ അബ്ദുല്‍ കലാം 2006ല്‍ സഫറിന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങും 2012ല്‍ അവിടം സന്ദര്‍ശിച്ചു.
2017ല്‍ നരേന്ദ്ര മോദി തന്റെ മ്യാന്‍മര്‍ സന്ദര്‍ശന സമയത്ത് ബഹദൂര്‍ ഷാ സഫറിന്റെ സ്മൃതിമണ്ഡപത്തിലെത്തിയിരുന്നു. ഇതൊക്കെയായിട്ടും സഫറിന്റെ അവശിഷ്ടങ്ങള്‍ എത്തിക്കണമെന്ന ആവശ്യം ഇന്നും നടന്നിട്ടില്ല.
മുഗള്‍ രാജവംശത്തിലെ ഇരുപതാമത്തെ ചക്രവര്‍ത്തിയായിരുന്നു സഫര്‍. അക്ബര്‍ രണ്ടാമന്റെ മകന്‍. അക്ബര്‍ രണ്ടാമന്‍ 1837ല്‍ അന്തരിച്ചു.
ബഹദൂര്‍ഷാ സഫറിന് പേരില്‍ മാത്രമേ ചക്രവര്‍ത്തിപ്പദമുണ്ടായിരുന്നുള്ളു. പഴയ ഡല്‍ഹിയിലെ ഷാഹജാന്‍പൂരിലെ ചെറിയൊരു പ്രദേശത്തുമാത്രമേ അദ്ദേഹത്തിന് അധികാരമുണ്ടായിരുന്നുള്ളൂ.
പിതാവ് അക്ബര്‍ രണ്ടാമനെ ബ്രിട്ടീഷുകാര്‍ ബന്ധനസ്ഥനാക്കി. അക്ബറിന്റെ റാണിമാരിലൊരാളായ മുംതാസ് ബീഗത്തിന് തന്റെ മകന്‍ മിര്‍സ ജഹാംഗീറിനെ രാജാവാക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ജഹാംഗീറിനെ നാടുകടത്തി. തുടര്‍ന്നാണ് സഫര്‍ അധികാരത്തിലെത്തിയത്.
1903ല്‍ സഫറിന്റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കാന്‍ ഇന്ത്യയില്‍ നിന്നെത്തിയ ഒരു പറ്റം ദേശീയവാദികളാണ് ഈ സംവാദത്തിന് തുടക്കം കുറിക്കുന്നത്. അവര്‍ക്ക് പക്ഷേ, അത് കണ്ടെത്താനായില്ല. 1905ല്‍ മ്യാന്‍മറിലെ മുസ് ലിം സമൂഹം സഫറിനെ മറവ്‌ചെയ്ത സ്ഥലം കണ്ടെത്തണമെന്ന ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് 1907 ല്‍ ബ്രിട്ടീഷുകാര്‍ അവിടെ ഒരു സ്മൃതിമണ്ഡപം നിര്‍മിച്ചു. ബഹാദൂര്‍ സഫര്‍ എന്ന ഡല്‍ഹിയിലെ മുന്‍ രാജാവ് റങ്കൂണില്‍ വച്ച് 1862 നവംബര്‍ 7ന് അന്തരിച്ചു. അദ്ദേഹത്തെ ഈ പ്രദേശത്തിന് അടുത്തെവിടെയോ ആണ് അടക്കം ചെയ്തതെന്നായിരുന്നു സ്മൃതിമണ്ഡപത്തില്‍ എഴുതിയിരുന്നത്. 1907ല്‍ റങ്കൂണിലെ മുസ് ലിംകള്‍ ഇതിന്റെ പേരില്‍ ബ്രീട്ടീഷുകാരെ അനുമോദിച്ചു. പക്ഷേ, യഥാര്‍ത്ഥ സ്ഥലം ഏതാണെന്ന് തിരിച്ചിറിഞ്ഞില്ല.