മസ്ജിദുകള്‍ അനന്തമായി അടച്ചിടാനാവില്ല; ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം

Update: 2021-06-14 15:03 GMT

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തുറക്കുകയും പൊതു ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിട്ടും മസ്ജിദുകള്‍ തുറക്കുന്നതിന് ഇളവു നല്‍കാത്ത നടപടി സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കേരളാ ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം. കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പാലിച്ചാണ് മസ്ജിദുകളും മതസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നത്. ഇനിയും അത്തരം നിയന്ത്രണങ്ങള്‍ അത്യാവശ്യമാവുന്ന ഘട്ടം വന്നാല്‍ സഹകരി ക്കാന്‍ വിശ്വാസികള്‍ തയ്യാറുമാണ്.

നൂറുകണക്കിന് ചതുരശ്രയടി വിശാലതയുളള പള്ളികളില്‍ നിശ്ചിത എണ്ണം വിശ്വാസികള്‍ പ്രോട്ടോക്കോള്‍ പാലിച്ചു അല്‍പസമയം ആരാധനക്ക് ഒത്തുചേരുന്നതുകൊണ്ട് രോഗ വ്യാപന ഭീഷണിയുണ്ടാവില്ലെന്ന് കൊവിഡ് ഒന്നാം തരംഗത്തില്‍ തെളിയിക്കപ്പെട്ടതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വരുന്ന വെള്ളിയാഴ്ച മുതല്‍ മസ്ജിദുകളില്‍ കുറഞ്ഞത് അന്‍പത് പേര്‍ക്ക് വീതം ജുംആ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നതിനും അഞ്ചു നേരത്തെ നിസ്‌ക്കാരങ്ങള്‍ക്ക് ഇരുപത് പേര്‍ക്കെങ്കിലും സംബന്ധിക്കുന്നതിനും അവസരം നല്‍കണമെന്നും യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അല്‍ഫാ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി ഉദ്ഘാടനം ചെയ്തു. വിഎം ഫത്തഹുദ്ദീന്‍ റഷാദി പ്രമേയം അവതരിപ്പിച്ചു.

സയ്യിദ് പൂക്കോയ തങ്ങള്‍, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, എ അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പിഎം അബ്ദുല്‍ ജലീല്‍ മൗലവി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, ദാക്കിര്‍ ഹുസൈന്‍ അല്‍ കൗസരി, മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, ഹാഫിസ് മുഹമ്മദ് റഫീഖ് അല്‍കാശിഫി സംസാരിച്ചു.

Tags:    

Similar News