അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കെതിരേ ജന്തര്‍ മന്തറില്‍ സംയുക്ത പ്രതിഷേധം

വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി സംസ്ഥാന കമ്മിറ്റി സെക്രട്ടറി അസീം നവീദ് പറഞ്ഞു.

Update: 2021-07-24 05:14 GMT

ന്യൂഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) പോലുള്ള അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ക്കെതിരേ രാജ്യതലസ്ഥാനത്തെ ജന്തര്‍ മന്തറില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു. ഇത്തരം നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന സംയുക്ത സമരത്തില്‍ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷനും (എന്‍സിഎച്ച്ആര്‍ഒ) പങ്കാളിയായി.

വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ സംഘടനകള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് എന്‍സിഎച്ച്ആര്‍ഒ ഡല്‍ഹി സംസ്ഥാന കമ്മിറ്റി സെക്രട്ടറി അസീം നവീദ് പറഞ്ഞു.

ഭീമ കൊറേഗാവ് കേസില്‍ തുറങ്കിലടയ്ക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമിയുടെ സ്ഥാപനവല്‍കൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഭീമ കൊറേഗാവ് കേസില്‍ തടവിലാക്കപ്പെട്ട എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിലില്‍ കിടക്കുന്ന മറ്റെല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു.

നീതിക്കുവേണ്ടിയും സര്‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ തന്ത്രങ്ങള്‍ക്കെതിരേയും സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടം അവരെ ബലപ്രയോഗത്തിലൂടെ നിശബ്ദമാക്കുകയോ അല്ലെങ്കില്‍ കള്ളകേസുകളില്‍ വ്യാജമായി ഉള്‍പ്പെടുത്തുകയോ ചെയ്യുകയാണെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിന്‍ഫ് എന്നിവരുടെ കംപ്യൂട്ടറുകളില്‍ ഫയലുകള്‍ വച്ചുപിടിപ്പിച്ചുവെന്ന വെളിപ്പെടുത്തലും സര്‍ക്കാരിന്റെ നിരാശയെ കൂടുതല്‍ തുറന്നുകാട്ടുന്നു. തങ്ങള്‍ നിശബ്ദരാകില്ലെന്നും എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും സംയുക്ത പ്രതിഷേധത്തില്‍ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Tags:    

Similar News