എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ റിമാന്‍ഡ് ചെയ്തു

Update: 2021-09-24 15:24 GMT

പാലക്കാട്: എന്‍സിഎച്ച്ആര്‍ഒ നേതാവ് വിളയോടി ശിവന്‍കുട്ടിയെ മണ്ണാര്‍ക്കാട് എസ്എസ്ടി ജില്ലാ ജഡ്ജി അടുത്ത മാസം ആറാം തീയതി വരെ റിമാന്‍ഡ് ചെയ്തു. ആദിവാസി യുവാവിന്റെ കൊലപാതകത്തെ ആത്മഹത്യയാക്കുന്ന പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിക്കെതിരേ കൊല്ലങ്കോട് പോലിസ് നടപടി സ്വീകരിച്ചത്.

ജുലൈ 24ന് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ 24കാരനായ ശിവരാജന്‍ മീങ്കര ഡാമില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉന്നത സംഘം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ  സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ കൊല്ലങ്കോട് സി ഐ വിപിന്‍ദാസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി പോലിസ് സ്‌റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും കേസും വാറണ്ടുമില്ലാതെ സ്‌റ്റേഷനിലേക്ക് വരാന്‍ തയ്യാറല്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു. അതില്‍ പ്രകോപിതരായാണ് പോലിസ് ഇന്ന് രാവിലെ ശിവന്‍കുട്ടിയെ ചിറ്റൂരിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 

Tags:    

Similar News