പാലത്തായി കേസില്‍ തുടരന്വേഷണമല്ല, പുന:രന്വേഷണമാണ്‌ വേണ്ടതെന്ന്‌ എന്‍സിഎച്ച്‌ആര്‍ഒ

Update: 2020-07-22 02:31 GMT

കോഴിക്കോട്‌: കണ്ണൂര്‍ പാനൂരിലെ പാലത്തായില്‍ ബിജെപി നേതാവായ അധ്യാപകന്‍ നാലാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ തുടരന്വേഷണമല്ല പുന:രന്വേഷണമാണ്‌ വേണ്ടതെന്ന്‌ എന്‍സിഎച്ച്‌ആര്‍ഒ. പോലിസ്‌ അന്വേഷണമെന്ന പേരില്‍ നടത്തിയിരിക്കുന്നത്‌ പ്രതിയെ എങ്ങനെ സംരക്ഷിച്ചെടുക്കാം എന്ന പ്രയത്‌നമാണെന്നും പെണ്‍കുട്ടിയെ കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിനിരയാക്കിയെന്നും എന്‍സിഎച്ച്‌ആര്‍ഒ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

''പീഡനത്തിനിരയായ പെണ്‍കുട്ടിയെ പോലിസ്‌ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തുക, യൂണിഫോമില്‍ ചോദ്യം ചെയ്യുക, ജില്ല വിട്ട്‌ മറ്റൊരിടത്തു കൊണ്ടുപോയി കൗണ്‍സിലിംഗ്‌ നടത്തുക, അവിടെയും പഴയ പോലിസ്‌ ഉദ്യോഗസ്ഥര്‍ വന്നു സ്വാധീനിക്കുക- കേസ്‌ അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ലോക്കല്‍ പോലിസ്‌ കാണിച്ച വ്യഗ്രത പിന്നീട്‌ ക്രൈം ബ്രാഞ്ചും തുടരുകയായിരുന്നു. ഏറ്റവും ഒടുവില്‍ ജാമ്യം കിട്ടി പ്രതി പത്മരാജന്‍ പുറത്തുവരികയു ചെയ്‌തു- എന്‍സിഎച്ച്‌ആര്‍ഒ മാധ്യമങ്ങള്‍ക്കു നല്‍കിയ കുറിപ്പില്‍ പറയുന്നു.

ലൈംഗിക പീഡനത്തിനു വിധേയമാകുന്ന സ്‌ത്രീകളെ പ്രത്യേകിച്ച്‌ കുട്ടികളെ അവര്‍ ഉള്ളിടത്തുപോയി യൂണിഫോം ധരിക്കാത്ത ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കണമെന്നാണ്‌ ചട്ടം. ഈ കേസില്‍ തുടക്കം മുതല്‍ അതെല്ലാം അട്ടിമറിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലിസ്‌ അന്വേഷിച്ച കേസ്‌ പിന്നീട്‌ ക്രൈംബ്രാഞ്ചിനു കൈമാറി. പ്രതിയായ പത്മരാജന്‍ ജയിലിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലിസ്‌ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ പ്രതിഷേധം ശക്തമായപ്പോള്‍ തിരക്കുകൂട്ടി തയ്യാറാക്കിയ കുറ്റപത്രത്തില്‍ നിന്ന്‌ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ഒഴിവാക്കി. അതോടെ പ്രതിയ്‌ക്ക്‌ കോടതി ജാമ്യം അനുവദിക്കുകയും ചെയ്‌തു.

ഈ സാഹചര്യത്തില്‍ കേസില്‍ തുടരന്വേഷണത്തിനു പ്രസക്തിയില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തുടക്കം മുതല്‍ കേസ്‌ അന്വേഷിക്കണമെന്നും കേസ്‌ അട്ടിമറിച്ച പോലിസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എന്‍സിഎച്ച്‌ആര്‍ഒ ദേശീയ സമിതി അംഗം അഡ്വ. എം കെ ഷെറഫുദീന്‍ പറഞ്ഞു.


Tags:    

Similar News