പുതിയ കോഴ്സുകള്‍, പുതിയ തൊഴില്‍ സാധ്യതകള്‍;പ്രതീക്ഷയായി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്

Update: 2022-10-02 04:38 GMT

മാനന്തവാടി: വയനാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാകുന്നു. തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നിന്നും ആദ്യ ബാച്ച് പുറത്തിറങ്ങി. ഹോം ഓട്ടോമേഷന്‍, സോളാര്‍ , ഇന്‍ഡട്രിയല്‍ സേഫ്റ്റി, ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ കോഴ്‌സുകളില്‍ ഇരുപതോളം വിദ്യാര്‍ഥികളാണ് അംഗീകൃത നൈപുണ്യ സര്‍ട്ടിഫിക്കറ്റുകള്‍ നേടിയത്.

തൊഴില്‍ വൈദഗ്ദ്ധ്യം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഹയര്‍ ആന്‍ഡ് ട്രെയിന്‍ മാതൃകയില്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകളും ഇവിടെ തുടങ്ങുകയാണ്. കൊമേഴ്സ്, ബി.ബി.എ, എം.ബി.എ ബിരുദധാരികള്‍ക്കും, അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള 'എന്റോള്‍ഡ് ഏജന്റ് ' കോഴ്‌സും ഇവിടെ തുടങ്ങുകയാണ്. യു.എസ്. ടാക്‌സേഷന്‍ രംഗത്ത് ഉയര്‍ന്ന ജോലിയും പ്രതിഫലവും ഉറപ്പ് നല്‍കുന്ന കോഴ്‌സാണിത്. നാലുമാസ ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ വിദ്യാര്‍ത്ഥികളെ അമേരിക്കന്‍ ഇന്റേണല്‍ റവന്യൂ സര്‍വ്വീസ് നടത്തുന്ന സ്പെഷ്യല്‍ എന്റോള്‍മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ പ്രാപ്തരാക്കും. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ അധികാരമുള്ളവരായി മാറും. ഗ്രാമീണ മേഖലകളിലെ തൊഴില്‍രഹിതരായ ബിരുദധാരികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്‌സുകളും പരിശീലന പദ്ധതികളും അസാപ് സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്നത്.

25,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ നാല് നിലകളിലായാണ് മാനന്തവാടി ഗവ.കോളേജിന് സമീപത്താണ് അസാപ് സ്‌കില്‍ പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടി രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്‌കില്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. നൈപുണ്യ പരിശീലനത്തിനായി ഇവിടെ പി.പി.പി മാതൃകയാണ് വിഭാവനം ചെയ്യുന്നത്. മാനന്തവാടിയിലെ കമ്മ്യൂണിറ്റി സ്‌കില്‍പാര്‍ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ ടാറ്റ പവറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം നടത്തുന്നത്.

ടാറ്റ പവറുമായി ചേര്‍ന്ന് ഹോം ഓട്ടോമേഷന്‍ , അഡ്വാന്‍സ്ഡ് ഇലക്ട്രീഷ്യന്‍, സോളാര്‍ പിവി/ റൂഫ്‌ടോപ്പ് പ്രൊഫഷണല്‍, സോളാര്‍ പിവി/ റൂഫ്‌ടോപ്പ് ഇന്‍സ്റ്റാളേഷനും പരിപാലനവും, എഞ്ചിനീയര്‍മാര്‍ക്കും പ്രൊഫഷണലുകള്‍ ക്കുമുള്ള ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി പ്രോഗ്രാം, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ പ്രോഗ്രാമുകള്‍ അസാപ് കമ്മ്യൂണിറ്റി സ് കില്‍ പാര്‍ക്കില്‍ തുടങ്ങും. ഈ കോഴ്‌സുകള്‍ക്ക് പുറമെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്ന് ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ,ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ ടെക്നിഷ്യന്‍ എന്നീ കോഴ്‌സുകളും കുടുംബശ്രീ ജില്ലാ മിഷനുമായി ചേര്‍ന്ന് ഇംഗ്ലീഷ് ഭാഷാ പരിശീലനവും ഉടന്‍ തുടങ്ങും. ജില്ലയിലെ പ്രധാന കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡക്ഷന്‍ ട്രെയിനിങ്ങും അസാപ് നല്‍കുന്നുണ്ട്. യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ നൈപുണ്യം വളര്‍ത്തനും മികച്ച സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളള്‍ നേടാനും സ്‌കില്‍പാര്‍ക്ക് വഴികാട്ടും.

Tags:    

Similar News