പുതിയ ഭൂനിയമം കശ്മീരിന്റെ ഭക്ഷ്യസുരക്ഷയെ ബാധിക്കും: തരിഗാമി സുപ്രിംകോടതിയിലേക്ക്
ശ്രീനഗര്‍: കശ്മീരിലെ പുതിയ ഭൂനിയമത്തിനെതിരേ യൂസഫ് തരിഗാമി സുപ്രിംകോടതിയിലേക്ക്. പുതിയ ഭൂനിയമം ഭൂമിയുടെ സ്വഭാവം മാറ്റിമറിക്കുമെന്നും അത് കശ്മീരിന്റെ ഭക്ഷ്യസുരക്ഷയെ തുരങ്കംവയ്ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് തരിഗാമി സുപ്രിംകോടതിയില്‍ റിട്ട് ഫയല്‍ ചെയ്തത്. കശ്മീരിലെ സിപിഎം നേതാവാണ് യൂസഫ് തരിഗാമി.
പുതിയ നിയമമനുസരിച്ച് ജമ്മു കശ്മീരില്‍ ആര്‍ക്കും ഭൂമിവാങ്ങാം. കാര്‍ഷികഭൂമി വാങ്ങാനും അനുമതിയുണ്ട്. അത് നിയമവിരുദ്ധമല്ല. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന നിയമം കേന്ദസര്‍ക്കാര്‍ പാസാക്കിയ കശ്മീര്‍ പുനഃസംഘനടാ നിയമം, 2019 ആണെന്നും ആ നിയമം തന്നെ ഭരണഘടനാവിരുദ്ധമാണെന്നുമാണ് തരിഗാമിയുടെ വാദം.
കാര്‍ഷിക ഭൂമി, കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വില്‍ക്കുന്നതിനെ പുതിയ നിയമം എതിര്‍ക്കുന്നുണ്ട്. പക്ഷേ, വാങ്ങിയ ശേഷം കാര്‍ഷിക ഭൂമി കാര്‍ഷികേതരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള അനുമതി ഉദ്യോഗസ്ഥരില്‍ നിന്ന് കരസ്ഥമാക്കാന്‍ നിയമം അനുവദിക്കുന്നു. ഇത്തരത്തില്‍ കാര്‍ഷിക ഭൂമി വാങ്ങി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി വാങ്ങുക പ്രയാസമാവില്ല. ഫലത്തില്‍ കാര്‍ഷിക ഭൂമിയുടെ ലഭ്യത സംസ്ഥാനത്ത് കുറയും- ഹരജിയില്‍ പറയുന്നു.
അതേസമയം പഴയ നിയമം ഭൂമിയുടെ ഉപയോഗത്തില്‍ മാറ്റം വരുത്തുന്നതിനുള്ള അനുമതി നല്‍കിയിരുന്നില്ല. കാര്‍ഷിക ഭൂമി മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗികാന്‍ കഴിയില്ലായിരുന്നുവെന്നതാണ് മെച്ചം.