ഓക്‌സിജന്‍ വിതരണം പുനഃസ്ഥാപിക്കും വരെ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്ന് ഡല്‍ഹി മാക്‌സ് ആശുപത്രി
ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഡല്‍ഹി മാക്‌സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. മാക്‌സ് ആശുപത്രിയുടെ ഒരു ശാഖയിലും രോഗികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം.
ഡല്‍ഹി എന്‍സിആറില്‍ ഓക്‌സിജന്‍ വിതരണം സാധാരണ നിലയിലാകും വരെ ഞങ്ങളുടെ ആശുപത്രി ശൃംഖലയിലെ ഒരു ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു- ആശുപത്രി മാനേജ്‌മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, പ്രധാനമന്ത്രിയുടെ ഓഫിസ് എന്നിവരെയും ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.
700ഓളം രോഗികളുമായി ആശുപത്രി അപകടത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റ് മുന്നറിയിപ്പുനല്‍കിയിരുന്നു.
ഡല്‍ഹി ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുകയാണ്.