സെക്ടറല്‍ മജിസ്‌ട്രേറ്റിനും പഞ്ചായത്തിനും പോലിസിനും എതിരേ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി
ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചത് ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനെതിരേ നടപടിയെടുത്ത സെക്ടറല്‍ മജിസ്‌ട്രേറ്റിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആലപ്പുഴ ജില്ലയില്‍ വള്ളികുന്നം പഞ്ചായത്തില്‍ 9,10 വാര്‍ഡുകളിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കെഐപിയുടെ കനാല്‍ ശുചീകരണം നടക്കുന്നത്. ഇവിടെ സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പടേയുള്ളവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലി ചെയ്യിക്കുന്നത് പൊതു പ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറ ചൂണ്ടിക്കാട്ടി. സ്ഥലം പരിശോധിക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റും എസ്‌ഐയും പഞ്ചായത്ത് അധികൃതരും എത്തിയെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്നും ഷാനവാസ് ആരോപിച്ചു. സംഭവം മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ സെക്ടര്‍ മജിസ്‌ട്രേറ്റ് ഫോണ്‍ വാങ്ങി കൊണ്ട് പോവുകയും സ്‌റ്റേഷനില്‍ നിന്ന് വാങ്ങാന്‍ അറിയിക്കുകയുമായിരുന്നു.
ഉദ്യോഗസ്ഥരുടെ മോശം നടപടികള്‍ പ്രവാസി ലീഗല്‍ സെല്‍ ദേശീയ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. ജോസ് എബ്രഹാമുമായി കൂടുതല്‍ നിയമോപദേശം തേടിയ ശേഷം മുഖ്യ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
പരാതി സ്വീകരിച്ചതായും നടപടിക്കായി വിവിധ വകുപ്പുകള്‍ക്ക് കൈ മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും അറിയിപ്പ് ലഭിച്ചതായി ഷാനവാസ് പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് ഒരാളുടെ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ പ്രത്യേക അധികാരമില്ലെന്നിരിക്കെ, മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അഡ്വ. ജോസ് എബ്രഹാം അറിയിച്ചു.