രാഷ്ട്രീയ മേധാവിത്വത്തെ ഭയപ്പെടാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചുമതല നിറവേറ്റണം: പ്രത്യേക നിരീക്ഷകന്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ

Update: 2021-03-27 01:09 GMT

തൃശൂര്‍: രാഷ്ട്രീയ മേധാവിത്വത്തെ ഭയപ്പെടാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചുമതല നിറവേറ്റണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ. കര്‍ത്തവ്യ നിര്‍വഹണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കും. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും വിവിധ ചട്ടങ്ങളും നല്‍കിയിട്ടുള്ള അധികാരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പില്‍ പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് കര്‍ശനമായി തടയണം. എല്ലാ വകുപ്പുകളും വിവരങ്ങള്‍ കൈമാറി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഇത് നിഷ്പ്രയാസം സാധ്യമാകും. സാമ്പത്തിക മോധാവിത്വത്തിന്റെ പിന്‍ബലത്തില്‍ മാത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. തിരഞ്ഞെടുപ്പില്‍ തുല്യമായ അവസരം എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പണമിടപാടുകളില്‍ ജാഗരൂകരാകണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. വാഹന പരിശോധനകള്‍ കര്‍ശനമാക്കണം. വിമാനത്താവളങ്ങള്‍ വഴിയും കപ്പല്‍ മാര്‍ഗവും അനധികൃത പണമിടപാടുകള്‍ നടക്കാന്‍ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകള്‍ കര്‍ശനമാക്കണം. സാമ്പത്തികത്തിന് പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്. അനധികൃത വിദേശമദ്യ വില്‍പനക്കെതിരെയും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ജില്ലാ പോലിസ് മേധാവി ആര്‍ ആദിത്യ, റൂറല്‍ എസ്.പി ജി പൂങ്കുഴലി, ചെലവ് നിരീക്ഷകര്‍, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസി. എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News