വഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി

Update: 2024-11-26 05:32 GMT

ന്യൂഡല്‍ഹി: വഖ്ഫ് നിയമത്തെ കുറിച്ച് ഭരണഘടനയില്‍ പരാമര്‍ശമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ജംഇയ്യത്ത് ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് അര്‍ഷദ് മദനി. ഭരണഘടനയില്‍ വഖ്ഫ് നിയമത്തിന് സ്ഥാനമില്ല എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ആശ്ചര്യം പ്രകടിപ്പിച്ച മദനി, നമസ്‌കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് എന്നിവ ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതിനാല്‍ നിരോധിക്കുമോയെന്നും ചോദിച്ചു.

രാജ്യത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്ന് ഇത്തരമൊരു നിന്ദ്യമായ പ്രസ്താവന ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. വഖ്ഫ് സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനും കണ്ടുകെട്ടുന്നതിനും വഴിയൊരുക്കുന്ന ഈ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ എല്ലാ മതേതര കക്ഷിക്കാരും ചിന്താഗതിക്കാരും ചേര്‍ന്ന് എതിര്‍ക്കണമെന്നും മദനി ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ ഏത് ദ്രോഹവും സഹിക്കും. എന്നാല്‍, ശരീഅത്തില്‍ ഇടപെടുന്നത് സഹിക്കാനാവില്ല.

ബിജെപി സഖ്യകക്ഷികളായ ജനതാദളും(യു)തെലുങ്ക് ദേശം പാര്‍ട്ടിയും ബില്ലിനെ പിന്തുണയ്ക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബിജെപിക്ക് ലോക്‌സഭയില്‍ കേവല ഭൂരിപക്ഷമില്ല. ഈ പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചാല്‍ മാത്രമേ ബില്ല് പാസാവൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News