തൃശൂർ: നീരൊഴുക്ക് ഉറപ്പാക്കാൻ പരപ്പുഴ താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചു നീക്കി. പെരുവല്ലൂർ പരപ്പുഴ പാലം പണിയുടെ ഭാഗമായി സമാന്തരമായി നിർമിച്ച താൽക്കാലിക റോഡിൻ്റെ കൂടുതൽ ഭാഗങ്ങളാണ് കനാലിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിൻ്റെ ഭാഗമായി പൊളിച്ചു മാറ്റിയത്. കാലവർഷ സാധ്യത മുന്നിൽക്കണ്ടാണ് നടപടി സ്വീകരിച്ചത്. നേരത്തെ മുരളി പെരുനെല്ലി എം എൽ എ ഇടപെട്ട് 20 അടി വീതിയിൽ റോഡ് പൊളിച്ച് വെള്ളം ഒഴുക്കി വിട്ടിരുന്നെങ്കിലും നീരൊഴുക്കിന് തടസ്സം വന്നതിനാലാണ് സമാന്തര റോഡിൻ്റെ കൂടുതൽ ഭാഗങ്ങൾ പൊളിച്ചുമാറ്റുന്നതിന് തീരുമാനമായത്.
കനാലിലെ നീരൊഴുക്ക് സുഗമമാകുന്നതിനൊപ്പം
എളവള്ളി പഞ്ചായത്തിലേയും പണ്ടാറക്കാട്, തൈക്കാട് മേഖലയിലേയും താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴുവാക്കുന്നതിനും കഴിയും. ഇതോടെ ഈ പ്രദേശങ്ങളിലെ മഴവെള്ളം കെ എൽ ഡി സി കനാലിലൂടെ ഇടിയൻചിറ റെഗുലേറ്ററിലേയ്ക്ക് ഒഴുക്കിവിടുന്നതിനാകും. താൽക്കാലിക റോഡ് നിർമ്മിക്കാൻ കനാലിൽ താഴ്ത്തിയ തെങ്ങിൻ തടികൾ പിഴുത് മാറ്റിയ ശേഷമാണ് റോഡ് പൊളിച്ചത്. പാലം നിർമ്മാണത്തിൻ്റെ ഭാഗമായി കനാലിൽ സ്ഥാപിച്ചിട്ടുള്ള മറ്റ് സാമഗ്രികളും നീക്കം ചെയ്തിട്ടുണ്ട്. മഴ ശക്തിപ്രാപിക്കുന്ന മുറയ്ക്ക് താൽക്കാലിക റോഡ് പൂർണമായി പൊളിച്ചുനീക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കും.
ഇറിഗേഷൻ - പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റോഡ് പൊളിച്ചു മാറ്റിയത്. ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ്, പിഡബ്ല്യുഡി പാലം വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ ടി ആർ ജിതിൻ, കെ എൽ ഡി സി അസിസ്റ്റൻ്റ് എഞ്ചിനീയർ വി ജി സുനിൽ, പിഡബ്ല്യുഡി ഓവർസിയർ ലിസി തോമസ് എന്നിവർ നേതൃത്വം നൽകി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണു ഗോപാൽ, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീദേവി ജയരാജ്, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ്, എളവള്ളി പഞ്ചായത്ത് മെമ്പർ ടി സി മോഹനൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.