വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും

Update: 2021-06-01 10:59 GMT

തൃശൂര്‍: ജില്ലയില്‍ കൊവിഡ് വാക്ലിനേഷന്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മേധാവികളുമായി നടത്തിയ അവലോകന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ കലക്ടര്‍ ഡിഎംഒയോട് നിര്‍ദ്ദേശിച്ചു. ട്രൈബല്‍ മേഖലകള്‍, തീരദേശ മേഖലകള്‍ എന്നിവിടങ്ങളില്‍ 18 നും 44 നും ഇടയില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഈയാഴ്ച തന്നെ അതെടുക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി വ്യക്തമായ ലിസ്റ്റ് തയ്യാറാക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത നിലനില്‍ക്കെ ശേഷിക്കുന്ന വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ള ജില്ലയിലെ മുഴുവന്‍ പേര്‍ക്കും ക്യാമ്പ് നടത്തി വാക്‌സിന്‍ നല്‍കും. ഹോട്ടല്‍, റസ്‌റ്റോറന്റ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളിലും സര്‍ക്കാര്‍ ജീവനക്കാരിലും വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഉടന്‍ അതു ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ലിസ്റ്റ് നല്‍കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തിലെ പൂജാരിമാര്‍, പള്ളി, മസ്ജിദുകളിലെ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരില്‍ വാക്‌സിനെടുക്കാത്തവര്‍ക്കും വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. ഡി എം ഒ കെ ജെ റീന യോഗത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു.

Similar News