തൃശൂർ: ഈ മഴക്കാലത്ത് തെക്കുംപാടം തോടിന്‍റെ സമീപ പ്രദേശങ്ങളില്‍ കഴിയുന്ന നാല്‍പതോളം കുടുംബങ്ങള്‍ക്ക് ആശ്വസിക്കാം. തെക്കുംപാടം തോടിന്‍റെ ബണ്ടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായി. മഴ ശക്തമാകുന്നതിന് മുമ്പ് പണികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും തങ്ങള്‍ വെള്ളക്കെട്ടിലാകുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ നിര്‍ദ്ദിഷ്ട രീതിയില്‍ തന്നെ മഴയ്ക്ക് മുന്‍പേ തോടിന്‍റെ ബണ്ടിന്‍റെ പണികള്‍ അധികൃതര്‍ പൂര്‍ത്തിയാക്കി. ബണ്ട് തകര്‍ന്നും തോട് കരകവിഞ്ഞും വീടുകള്‍ വെള്ളക്കെട്ടിലാകുന്നത് പതിവായതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തെക്കുംപാടം നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് കരകവിയുന്ന പ്രദേശത്ത് ഇരുഭാഗങ്ങളും കരിങ്കല്‍ ബണ്ട് കെട്ടി ബലപ്പെടുത്താന്‍ മണ്ണ് സംരക്ഷണ വിഭാഗം 40 ലക്ഷം രൂപ അനുവദിച്ചു. പണികള്‍ തുടങ്ങിയെങ്കിലും മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാകുമോ എന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്‍റെയും നിരന്തരമായ ഇടപെടലുകള്‍
തുടര്‍ന്ന് പണികള്‍ അതിവേഗം മുന്നോട്ടു നീങ്ങുകയും ചെയ്തു. വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ താണിപ്പാടം മുതല്‍ മൂന്നര കിലോമീറ്ററോളം ദൂരത്തില്‍ തോടിന്‍റെ ശുചീകരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി. ഇരു വശത്തെയും കാടു വെട്ടിത്തെളിക്കുകയും മണ്ണടിഞ്ഞു നികന്ന ഭാഗങ്ങള്‍ മണ്ണു നീക്കി തോടിനെ വീണ്ടെടുക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ എം.ജെ അനീഷ്, പി.വി സുദേവന്‍, രാജേന്ദ്രന്‍ മുല്ലപ്പിള്ളി, രാജു ഇഞ്ചിപ്പുഴ, സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ നിരവധി ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തി വാര്‍ഡ് വികസന സമിതി നടത്തിയത് ഭഗീരഥ പ്രയത്നമാണ്. ഇതോടെ തെക്കുംപാടം തോടിന്‍റെ ബണ്ടിന്‍റെ പണികള്‍ മഴയ്ക്ക് മുന്‍പേ പൂര്‍ത്തിയാകുകയായിരുന്നു.
കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് തോടിന്‍റെ ശുചീകരണം സാധ്യമായത്. ഹൈവേയില്‍ നിന്ന് തെക്കുംപാടത്തേക്കുള്ള റോഡിന്‍റെ ശുചീകരണ പവര്‍ത്തനങ്ങളും വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തി.