കടലിനെ പഠിച്ച് ദീർഘകാല തീരദേശ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കും: മന്ത്രി കെ രാജൻ
തൃശൂർ: കടലിനെ പഠിച്ച് ദീർഘകാല തീരദേശ സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാജൻ. ജില്ലയിലെ തീരദേശങ്ങളിൽ കടലാക്രമണം തടയുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് മുന്നോടിയായി ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഇടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ 60 കിലോമീറ്റർ വരെ വരുന്ന തീരദേശമാണ് ഉള്ളത്.
15 പഞ്ചായത്ത്, 3 ബ്ലോക്ക് പഞ്ചായത്ത്, ഒരു നഗരസഭ എന്നിവടങ്ങളിലാണ് കടലാക്രമണം ഉണ്ടാകാറുള്ളത്.
കടലാക്രമണം തടയുന്നതിന്
കടലിന്റെ സ്വഭാവമനുസരിച്ച് അതത് പ്രദേശങ്ങളിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
കടലാക്രമണ മേഖലയെക്കുറിച്ച് പഠിച്ച് വിലയിരുത്തൽ നടത്തി പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരായ കെ.വി തോമസ്, റോയി മാത്യൂ , ബിജുകുമാർ എന്നിവർ അഭിപ്രായപ്പെട്ടു.
എം എൽ എമാരായ മുരളി പെരുന്നെല്ലി, എൻ കെ അക്ബർ, സി സി മുകുന്ദൻ, ഇടി ടൈസൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ എസ് ഷാനവാസ്, അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.