ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; തൃശൂരില്‍ 12 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടിസ്
തൃശൂര്‍: ജനങ്ങള്‍ക്ക് ശുചിയുള്ളതുംസുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. ജില്ലയില്‍ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍, തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാര്‍ക്കറ്റുകള്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ സ്‌ക്വാഡ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യം എത്തിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ 210 മത്സ്യ പരിശോധനകള്‍ നടത്തി. 20സര്‍വൈലന്‍സ് മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായി വിവിധ ബ്രാഞ്ചുകളില്‍ നിന്നായി 15 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പഴം, പച്ചക്കറി, കുടിവെള്ളം എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധഭാഗങ്ങളില്‍ പഴം, പച്ചക്കറി കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍ എന്നിവ പരിശോധിച്ചു.ജൂണ്‍ മാസത്തില്‍ 25 ബേക്കറികള്‍, 19 സൂപ്പര്‍മാര്‍ക്കറ്റുകള്‍, 22 പഴം, പച്ചക്കറി കടകള്‍, 16 ഹോട്ടലുകള്‍ എന്നിവ പരിശോധിക്കുകയും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയ 12 സ്ഥാപനങ്ങള്‍ക്കെതിരെ കോമ്പൗണ്ടിംഗ് നോട്ടീസ് കൊടുക്കുകയും ചെയ്തു. 22 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 36 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ജൂണ്‍ മാസത്തില്‍ 2 പ്രോസിക്യൂഷന്‍ കേസുകളും 10 അഡ്ജ്യൂഡിക്കേഷന്‍ കേസുകളും ഫയല്‍ ചെയ്തതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.