വെണ്ണൂര്‍തുറ നവീകരണത്തിന് 12 കോടി; തൃശൂര്‍ ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Update: 2021-07-08 01:00 GMT

തൃശൂര്‍: തൃശൂര്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ജലരക്ഷാ ജീവരക്ഷ പദ്ധതിയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തട പദ്ധതിയായ വെണ്ണൂര്‍തുറ നവീകരണത്തിന്റെ ഭാഗമായി സ്ഥിതി വിവരങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കുന്നതിന് ജില്ല കലക്ടര്‍ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ചു.12 കോടി ചെലവ് പ്രതീക്ഷിക്കുന്ന രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം.

ജലാശയങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ജില്ലയുടെ അഭിമാന പദ്ധതിയാണ് വെണ്ണൂര്‍ തുറ നവീകരണമെന്ന് കലക്ടര്‍ പറഞ്ഞു. മഴക്കാലം കഴിയുന്ന മുറയ്ക്ക്തുറയുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. ബ്രഹത്തായ ഈ പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിന് നബാര്‍ഡ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെണ്ണൂര്‍ തുറ നവീകരണവുമായി ബന്ധപ്പെട്ട് നടപ്പില്‍ കൊണ്ട് വരേണ്ട പദ്ധതികളുടെ സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കും.

ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ യോഗത്തിലാണ് തീരുമാനം. പ്രളയം, കുടിവെള്ളം, വില്ലേജ് ടൂറിസം, ഫിഷറീസ് എന്നി പ്രധാന ആശയങ്ങള്‍ മുന്നില്‍ക്കണ്ടുള്ള പദ്ധതികളാണ് വിവിധ വകുപ്പുകളുടെ സഹായത്തോടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. പദ്ധതിയുടെ ശരിയായ നടത്തിപ്പിന് കൃഷി, ജലസേചനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളോട് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അന്നമനട, മാള, കുഴൂര്‍, കൊരട്ടി കാടുകുറ്റി എന്നി അഞ്ചു പഞ്ചായത്തുകളിലൂടെയാണ് വെണ്ണൂര്‍ തുറ കടന്ന് പോകുന്നത്.

വെണ്ണൂര്‍ തുറയുടെ ഭാഗമായി വരുന്ന 3.25 ഹെക്ടര്‍ പ്രാദേശത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയാണ് അനുവദിച്ചത്.

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ലാന്റ്, സോയല്‍ സര്‍വേകള്‍ നടത്തും. ചാലക്കുടി തഹസിദാറിന്റെ നേതൃത്വത്തിലാണ് സര്‍വ്വേ പുരോഗമിക്കുക. കൃഷിയും നവീകരണത്തിന്റെ ഭാഗമായി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറയുടെ ഭാഗമായി വരുന്ന മുറയ്ക്ക് ഇവയുടെ ശരിയായ നടത്തിപ്പിനും മറ്റുമായി മണ്ണ് പരിശോധന നടത്തും. വെണ്ണൂര്‍ തുറയുടെ ഭാഗമായി വരുന്ന അണ്ണാറ പാലത്തിന്റെ നിര്‍മാണവും കണക്കിലെടുത്താണ് മണ്ണ് പരിശോധന നടത്തുക. വെണ്ണൂര്‍ തുറയില്‍നിന്നും ഐനിത്തുറയിലേക്കും മറ്റ് ഭാഗങ്ങളില്‍ വരുന്ന തുറകളേയും ബന്ധിപ്പിക്കുന്ന തോടുകളിലെ വീതിക്കുറവിന് പരിഹാരം കണ്ടെത്തും. തുറയോട് ചേര്‍ന്ന് വരുന്ന പാടശേഖരങ്ങളില്‍ ആദ്യ തവണ കൃഷിയൊരുക്കുന്നതിന് നിലമൊരുക്കും. കര്‍ഷകര്‍ക്ക് വേണ്ട പമ്പ്, മോട്ടര്‍ എന്നി സഹായങ്ങള്‍ കൃഷിവകുപ്പ് നല്‍കും.

തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ഉറപ്പാക്കികൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം, നബാര്‍ഡ്, തൊഴിലുറപ്പ്, കൃഷി, ജല സേചനം തുടങ്ങി വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ഇതിനാവശ്യമായ ധന സമാഹരണം നടത്തുക.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍, അന്നമ്മന പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ്, കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലീന ഡേവിസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ ശ്രീലത, നബാര്‍ഡ്, മണ്ണ് പര്യവേഷണം, സര്‍വ്വേ എന്നി വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News