12 ആദിവാസി കോളനികളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബിഎസ്എന്‍എല്‍; തുക എംപി ഫണ്ടില്‍ നിന്ന്

Update: 2021-07-18 01:11 GMT

തൃശൂര്‍: ജില്ലയിലെ 12 ആദിവാസി കോളനികളിലേക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കി ബിഎസ്എന്‍എല്‍. ഇതിനായി എംപി ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കും. ടി എന്‍ പ്രതാപന്‍ എംപിയുടെ അധ്യക്ഷതയില്‍ ടെലകോം അധികൃതരുമായും തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായും ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

12 കോളനികള്‍ക്കുമായി 29.54 ലക്ഷമാണ് എംപി ഫണ്ടില്‍ നിന്ന് വിനിയോഗിക്കുക. 7,90,000 രൂപ കണക്റ്റിവിറ്റി ബൂസ്റ്ററുകള്‍ക്കുമായും നല്‍കും. ബി എസ് എന്‍ എല്‍ ഓരോ കോളനികള്‍ക്കുമായി 15000 രൂപയുടെ സബ്‌സ്‌ക്രിഷ്ന്‍ പ്ലാന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായും നല്‍കും. അടുത്ത വര്‍ഷം മുതല്‍ അതത് പഞ്ചായത്തുകളില്‍ നിന്ന് വാടക ഈടാക്കും.

പാണഞ്ചേരി പഞ്ചായത്തിലെ പട്ടിലുംകുഴി, മാരായ്ക്കല്‍, ചീനിക്കടവ്, പൂവന്‍ചിറ, മണിയന്‍ കിണര്‍, പുത്തൂര്‍ പഞ്ചായത്തിലെ പഴവെള്ളം, മരോട്ടിച്ചാല്‍, വല്ലൂര്‍, അളഗപ്പനഗര്‍ പഞ്ചായത്തിലെ വേപ്പൂര്‍, പയ്യാക്കര, തൃക്കൂര്‍ പഞ്ചായത്തിലെ കാവല്ലൂര്‍, കള്ളായി എന്നീ കോളനികളിലാണ് ഇന്റര്‍നെറ്റ് സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്. കണക്റ്റിവിറ്റി ലഭ്യമല്ലാത്ത ഏതെങ്കിലും പ്രദേശങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ അത് കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു.

കണക്റ്റിവിറ്റി കുറവുള്ള മേഖലകളിലേക്ക് കണക്റ്റിവിറ്റി നല്‍കാന്‍ പരിപൂര്‍ണമായ സഹകരണമാണ് ടെലകോം അധികൃതര്‍ വാഗ്ദാനം ചെയ്തത്. ചര്‍ച്ചയില്‍ ടവറുകള്‍, ബൂസ്റ്റര്‍ ടവറുകള്‍ എന്നിവ സ്ഥാപിക്കാനും ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ വേഗമേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുമുള്ള ശ്രമം ഉടന്‍ ആരംഭിക്കാനും ധാരണയായി. വനമേഖലകളില്‍ ഇന്റര്‍നെറ്റ് ലഭിക്കാന്‍ സാധ്യതകുറവുള്ള പ്രദേശങ്ങളില്‍ അങ്കണവാടികള്‍, വായനശാലകള്‍ പോലുള്ള പബ്ലിക് യൂട്ടിലിറ്റി ബില്‍ഡിങുകളില്‍ വൈഫൈ സ്‌പോട്ട് നല്‍കി പഠനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഉപജില്ല വിദ്യാഭ്യാസ ഡയറക്ടര്‍ മദനമോഹനന്‍, ജില്ല പ്ലാനിങ് ഓഫീസര്‍ ശ്രീലത, ബി എസ് എന്‍ എല്‍ ടെലകോം അധികൃതര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News