തൃശൂര്‍: മുസിരിസിന്റെ ചരിത്രം ഇനി വരയിലൂടെയും കളികളിലൂടെയും കുട്ടികള്‍ക്ക് മുന്നിലേയ്ക്ക്. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന രീതി അവലംബിച്ച് കുട്ടികള്‍ക്കായുള്ള പൈതൃക പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തന പുസ്തകങ്ങള്‍ തയ്യാറാക്കിയാണ് പഴയകാല മുസിരിസ് കുട്ടികള്‍ക്കായി അനാവൃതമാക്കുന്നത്. 13 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പുസ്തകമാണ് തയ്യാറാക്കിയിരിക്കുന്നത്. ചിത്രങ്ങളിലൂടെയും മാപ്പുകളിലൂടെയും ചരിത്രം വിവരിച്ച് പദപ്രശ്‌നങ്ങളും അഭ്യാസങ്ങളും ഉള്‍പ്പെടുത്തിയാണ് കൈപ്പുസ്തകങ്ങള്‍. മുസിരിസ് പൈതൃക പദ്ധതിയുടെ കുട്ടികള്‍ക്കായുള്ള 'പൈതൃകനടത്ത'ത്തിന്റെ ഭാഗമാണിത്. എസ് സി ഇ ആര്‍ ടി യും ടൂറിസം വകുപ്പും വിവിധ ഗവേഷണ വിദഗ്ധരുമായി രണ്ടു വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് പ്രവര്‍ത്തന പുസ്തകം തയ്യാറാക്കിയതെന്ന് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടര്‍ പി എം നൗഷാദ് പറഞ്ഞു.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇന്ത്യയില്‍ ആദ്യമായാകും കുട്ടികള്‍ക്കായുള്ള പൈതൃക പദ്ധതി സാധ്യമാകുന്നത്. മുസിരിസിനെക്കുറിച്ചും ചരിത്ര പൈതൃകങ്ങളെക്കുറിച്ചും ചേന്ദമംഗലത്തെ ജൂതപ്പള്ളികളെക്കുറിച്ചും പോര്‍ച്ചുഗീസുകാരുടെ അധിനിവേശത്തിന്റെ അവശേഷിപ്പുകളായ കോട്ടപ്പുറം, പള്ളിപ്പുറം കോട്ടകളെക്കുറിച്ചും പാലിയം കോവിലകത്തെക്കുറിച്ചും 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാഠ്യപദ്ധതിയോട് ചേര്‍ന്നാണ് പ്രവര്‍ത്തനപുസ്തകം തയ്യാറാക്കിയത്. പദ്ധതിപ്രദേശവും ചരിത്രശേഷിപ്പുകളും സന്ദര്‍ശിക്കുമ്പോള്‍ പാഠപുസ്തകത്തില്‍ വിവരിച്ചത് എന്താണെന്ന് നേരിട്ട് മനസ്സിലാക്കാനും ഇത് വഴി സാധിക്കും. നിലവില്‍ പതിനായിരം കോപ്പി പ്രിന്റ് ചെയ്യുന്നുണ്ട്. കുട്ടികള്‍ക്ക് ഇവ സൗജന്യമായാണ് നല്‍കുന്നത്. പറവൂര്‍ ജൂതപ്പള്ളി, പറവൂര്‍ സിനഗോഗ്, പാലിയം നാലുകെട്ട്, കോട്ടപ്പുറം കോട്ട, പാലിയം കൊട്ടാരം എന്നീ മ്യൂസിയങ്ങളുടെ പ്രവര്‍ത്തന പുസ്തകം നേരത്തെ തയ്യാറാക്കിയിരുന്നു. 2020 ജനുവരി 14ന് പൈതൃകനടത്തം പദ്ധതിയുടെ ഉദ്ഘാടനവേദിയില്‍ അന്നത്തെ ധനമന്ത്രി ഡോ.തോമസ് ഐസക്കാണ് പ്രവര്‍ത്തനപുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചത്.
അനൗപചാരിക വിദ്യാഭ്യാസം ലക്ഷ്യമിടുന്ന കേരളത്തിലെ ആദ്യത്തെ പൈതൃക സംരക്ഷണ പദ്ധതിയാണ് മുസിരിസ്. ചരിത്രാന്വേഷികള്‍ക്കും ഗവേഷകര്‍ക്കും മാത്രമല്ല കേരള ചരിത്രം പാഠ്യവിഷയമാക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന പദ്ധതി പ്രദേശത്തെ സംരക്ഷിത സങ്കേതങ്ങള്‍ പഠന വിധേയമാക്കാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിനോദയാത്രയിലൂടെ കേരള ചരിത്ര വസ്തുതകളെ നേരില്‍ കണ്ട് അനുഭവവേദ്യമാക്കുന്ന നിലയില്‍ കഥകളിലൂടെയും മറ്റും അവതരിപ്പിച്ച് അവരുടെ മനസ്സിലേക്ക് ചരിത്ര അവശേഷിപ്പുകള്‍ മനസ്സിലാക്കി കൊടുക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം. പൈതൃകനടത്തത്തിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്ന് വരുന്ന കുട്ടികള്‍ക്ക് ഭക്ഷണം, താമസം, ഗൈഡ് എല്ലാം സൗജന്യമായിരിക്കും. ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള സമൂഹത്തിന്റെ വിവിധ തട്ടിലുള്ള 80 ഓളം പേര്‍ക്കാണ് പദ്ധതിയിലൂടെ ഗൈഡാകാന്‍ പരിശീലനം നല്‍കുന്നത്. ചരിത്രം അറിയുന്ന വയോധികര്‍ അടക്കമുള്ളതാണ് ഈ ടീം. ഒരു ദിവസം ഗൈഡായി പോകുന്നതിന് പ്രതിദിനം 800 രൂപയാണ് നല്‍കുക. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഗൈഡുകള്‍ക്ക് നല്ലൊരു വരുമാനമാര്‍ഗം കൂടിയാകും ഈ പദ്ധതി. കേരളത്തിലെ മുഴുവന്‍ ഡി ഇ ഒ മാര്‍ക്കും എ ഇ ഒ മാര്‍ക്കും പദ്ധതിപ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം സൗജന്യമായി നല്‍കും. ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്. കോട്ടപ്പുറം കിഡ്‌സ് സെന്റര്‍, മാര്‍ത്തോമ പള്ളി ഹോസ്റ്റല്‍, മാരിടൈം കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രണ്ട് ദിവസം താമസിക്കാനുള്ള സൗകര്യമൊരുക്കുക. വൈകുന്നേരങ്ങളില്‍ പ്രാദേശിക നാടന്‍ കലാകാരന്മാരെ ഉള്‍പ്പെടുത്തി കോട്ടപ്പുറം ആംഫി തീയറ്ററില്‍ ഇവര്‍ക്കായി സാംസ്‌കാരിക സന്ധ്യാവിരുന്നും നല്‍കും. കൂടാതെ ചരിത്രകാരന്മാരുമായുള്ള സംവാദവും നടത്തും. സ്‌കൂളുകളില്‍ നിന്ന് വിനോദയാത്ര പോകുന്നതിനൊപ്പം കേരള ചരിത്രം കൂടി പഠിക്കാനുള്ള അവസരം കൂടിയാണ് മുസിരിസ് പദ്ധതിയിലൂടെ ലഭിക്കുന്നത്.