തൃശൂര്‍: ജില്ലയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ എം എല്‍ എമാര്‍, കലക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവ പങ്കെടുത്ത അടിയന്തര കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
അടുത്ത രണ്ടാഴ്ച നിര്‍ണായകമാണെന്നും പോലിസ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
10 ദിവസത്തിനുള്ളില്‍ കൊവിഡ് വ്യാപനവും ടി പി ആര്‍ നിരക്കും കുറയ്ക്കാനുള്ള പദ്ധതികളാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടപ്പാക്കുക. എല്ലാ ദിവസവും മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗം സ്ഥിതിഗതികള്‍ വിലയിരുത്തും. തുടര്‍ന്ന് അപാകതകള്‍ പരിഹരിച്ച് മുന്നോട്ടുപോകും.
എംഎല്‍എമാരുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. ഒന്നാം ഡോസ് വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ എല്ലാവരിലേക്കും എത്തിക്കാന്‍ ശ്രമം നടത്തും. ജില്ലയ്ക്ക് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഒന്നാം ഡോസ് എടുത്ത് നിശ്ചിത സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് ലഭിക്കാത്തവര്‍ക്ക് ഉടന്‍ അതു നല്‍കാനും പ്രത്യേക ശ്രദ്ധ ചെലുത്തും.
ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ യോഗം വിലയിരുത്തി. ഗവ. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഐ സി യു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ കൂട്ടും. ഓക്‌സിജന്‍ പ്ലാന്റുകള്‍ വര്‍ധിപ്പിക്കും.
തദ്ദേശ സ്ഥാപനങ്ങളില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തും. ആര്‍ആര്‍ടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനവും അതത് തദ്ദേശ സ്ഥാപന മേധാവികള്‍ ദിവസവും വിലയിരുത്തണം. കൊവിഡ് നിബന്ധനകള്‍ പാലിക്കപ്പെടാന്‍ കൂട്ടായ ശ്രമം താഴെത്തട്ടില്‍ നിന്നുണ്ടാകണം. ആവശ്യമെങ്കില്‍ ഇതിനായി ജനകീയ ബോധവത്ക്കരണവും നടത്തും.
വീടുകളില്‍ ഒരു രോഗിയില്‍ നിന്ന് കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ നിന്ന് മരണവും സംഭവിച്ചിട്ടുള്ളതിനാല്‍ രോഗികളെ സി എഫ് എല്‍ ടി സി, ഡി സി സി എന്നിവയിലേക്ക് മാറ്റും. ഇവയുടെ പ്രവര്‍ത്തനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. കൊവിഡ് അനന്തരവും രോഗികള്‍ക്ക് മതിയായ തുടര്‍ ചികിത്സ നല്‍കാന്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രിമാര്‍ നിര്‍ദേശിച്ചു.
പോലിസിന്റെ നേതൃത്വത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വ്യാപാരികള വിളിച്ചു ചേര്‍ത്ത് പ്രാദേശിക തലത്തില്‍ ആഴ്ചയില്‍ യോഗം ചേരും. സമൂഹമാധ്യമങ്ങള്‍ വഴി അനാവശ്യ ഭീതി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
എം എല്‍ എ മാരായ എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, സി സി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡി എം ഒ കെ ജെ റീന, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.