തൃശൂര്‍: തമിഴ്‌നാട് പറമ്പിക്കുളം ഡാമില്‍ ജലനിരപ്പ് കൂടിയ സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടുന്നതിന്റെ പശ്ചാതലത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. പറമ്പിക്കുളം ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിട്ടാല്‍ പെരിങ്ങല്‍കുത്ത് ഡാമില്‍ നിന്ന് അധികജലം ഒഴുക്കേണ്ടി വരും. ഇത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. പറമ്പിക്കുളം ഡാമില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ കൃത്യമായ അളവും സമയവും അറിയിക്കാന്‍ കോയമ്പത്തൂര്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ക്യത്യമായ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ജില്ലയില്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാകും.
തമിഴ്‌നാട്ടിലെ പറമ്പിക്കുളം ഡാമിലെ ജലനിരപ്പ് 1825 അടിയിലെത്തിയാല്‍ ഡാം തുറന്ന് അധികജലം പറമ്പിക്കുളം നദിയിലേക്ക് ഒഴുക്കിവിടും. തുറന്നു വിടുന്ന വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്കും തുടര്‍ന്ന് ചാലക്കുടി പുഴയിലേയ്ക്കുമാണ് ഒഴുകുന്നത്.
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.
കൊവിഡ് മാനദണ്ഡമനുസരിച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍പ്പടെ തുറക്കും. ചാലക്കുടി, അതിരപ്പള്ളി പരിയാരം, മേലൂര്‍, കോടശ്ശേരി, ആളൂര്‍, മാള, കാടുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ, കൊരട്ടി, പുത്തന്‍ചിറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ ജനങ്ങള്‍ക്ക് മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന മുന്നറിയിപ്പ് നല്‍കും. ചാലക്കുടി പുഴയിലെ മത്സ്യബന്ധനത്തിനും , വിനോദ സഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് തോത് ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കും. ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ സനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍,
ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, പെരിങ്ങല്‍ക്കുത്ത് ഡാം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ സുരേഷ് കുമാര്‍, ചലക്കുടി നഗരസഭ വികസന കാര്യ സ്റ്റാന്റഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ് ബിജു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.