സെക്യൂരിറ്റി ജീവനക്കാരന് കാബിന്‍ നിര്‍മിച്ചത് ചൂണ്ടിക്കാട്ടി ലൈസന്‍സ് തടഞ്ഞു; പഞ്ചായത്ത് അധികൃതരെ തിരുത്തി മന്ത്രി
തൃശൂര്‍: മൂന്ന് മീറ്റര്‍ ചട്ടലംഘനം ചൂണ്ടിക്കാട്ടി ലൈസന്‍സ് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച പഞ്ചായത്ത് അധികൃതരെ തിരുത്തി വ്യവസായമന്ത്രി പി രാജീവ്.
തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിയില്‍ വ്യവസായമന്ത്രി രാജീവിന് മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ച ഫിലിപ്പിന് നിരാശപ്പെടേണ്ടിവന്നില്ല. 'കാവല്‍ ജീവനക്കാര്‍ക്ക് നല്ല തൊഴില്‍ സാഹചര്യം ഒരുക്കി കൊടുത്തതാണോ നിങ്ങളുടെ കണ്ണിലെ പ്രശ്‌നം' എന്ന് ഉദ്യോഗസ്ഥരോട് മന്ത്രി ചോദിച്ചതോടെ പ്രശ്‌നത്തിന് പരിഹാരമായി. കൂടാതെ പ്രശ്‌നത്തിന് ഉടനടി പരിഹാരം കണ്ട് ലൈസന്‍സ് പുതുക്കി നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
സെക്യൂരിറ്റി ജീവനക്കാരന് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായിരുന്നു ഏഷ്യന്‍ പോളിമര്‍ കമ്പനി ഉടമ ഫിലിപ്പ് മുളയ്ക്കല്‍. അവണൂര്‍ പഞ്ചായത്ത് പരിധിയില്‍പെട്ട വളപ്പായയില്‍ പൂട്ടിക്കിടന്ന ഒരു കമ്പനി വാങ്ങി വിജയകരമായി നടത്തി വരുന്നതിനിടയിലാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് തിരിച്ചടി നേരിട്ടത്. പ്രധാനപാതയില്‍ നിന്നും 3 മീറ്റര്‍ മാറി വേണം ഫാക്ടറി എന്നാണ് ചട്ടം എന്നിരിക്കെ 5 മീറ്റര്‍ മാറിയാണ് കമ്പനിയുടെ കെട്ടിടം.
എന്നാല്‍ സെക്യൂരിറ്റി ജീവനക്കാരന് കാബിനൊപ്പം ശുചിമുറി അടക്കമുള്ള പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം സ്ഥാപിച്ചതോടെ പഞ്ചായത്ത് ഇടപെടുകയായിരുന്നു. ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, മഴവെള്ള സംഭരണി തുടങ്ങി കമ്പനി നിയമങ്ങള്‍ അനുശാസിക്കുന്ന എല്ലാ ക്രമീകരണങ്ങളോടും കൂടിയാണ് നിലവില്‍ ഓഷ്യന്‍ പോളിമര്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫിലിപ്പിന് കേരളത്തില്‍ തന്നെ പത്തനംതിട്ട, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വേറെയും ഫാക്ടറികളുണ്ട്. വാട്ടര്‍ ടാങ്ക് പിവിസി പൈപ്പ്, സക്ഷന്‍ പൈപ്പ്, സെപ്റ്റിക് ടാങ്ക് ട്രാഫിക് കോണ്‍, കെമിക്കല്‍ ടാങ്കുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ഫിലിപ്പിന്റെ കമ്പനിയുടേതാണ്. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ സാധിക്കാതിരുന്ന വ്യവസായികളുടെ ന്യായമായ പരാതികള്‍ വ്യവസായമന്ത്രി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഫിലിപ്പ് പറഞ്ഞു.