കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യണം: മന്ത്രി പി പ്രസാദ്

Update: 2021-09-25 09:08 GMT
കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യണം: മന്ത്രി പി പ്രസാദ്

കോഴിക്കോട്: കര്‍ഷകര്‍ കാര്‍ഷിക വിളകള്‍ നിര്‍ബന്ധമായും ഇന്‍ഷുര്‍ ചെയ്യണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

വാണിമേല്‍ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി പഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ കാര്‍ഷിക വിളകള്‍ നശിക്കുമ്പോള്‍ മതിയായ നഷ്ട പരിഹാരം ലഭിക്കാത്ത അവസ്ഥയുണ്ട്. അത് മാറണം. ഓരോ വാര്‍ഡിലും കേരഗ്രാമം പദ്ധതി നടപ്പാക്കണം നാളികേര ഉത്പാദനം വര്‍ധിപ്പിക്കണം.

വാണിമേല്‍ പഞ്ചായത്തിലെ കാട്ടാന ശല്യത്തിന് ശാസ്ത്രീയമായ പരിഹാരം കാണാന്‍ വനം വകുപ്പുമായി ചേര്‍ന്ന് ശ്രമം നടത്തും. ഈ പ്രശ്‌നം വനം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. വാണിമേലിന്റെ പ്രാദേശിക ഉത് പന്നങ്ങള്‍ കേരളത്തിന് പുറത്ത് ബ്രാന്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാണിമേലിലെ മുതിര്‍ന്ന കര്‍ഷകന്‍ പന്നിയേരി എനിയാടന്‍ ചന്തുവിനെ ചടങ്ങില്‍ ആദരിച്ചു .

വാണിമേല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവൃത്തി സമയം രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാക്കുന്നതിന്റെ പ്രഖ്യാപനം മന്ത്രി ചടങ്ങില്‍ നടത്തി.

നാളികേരത്തിന്റെ ഉല്‍പാദനക്കുറവും രോഗകീടാക്രമണവും വിലയിടിവും മൂലം പ്രതിസന്ധിയിലായ നാളികേര കര്‍ഷകര്‍ക്ക് കൈത്താങ്ങായിട്ടാണ് കേരഗ്രാമം പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത് . സംയോജിത വളപ്രയോഗത്തിലൂടെ രോഗകീട നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതോടൊപ്പം കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് കേരഗ്രാമം പദ്ധതിയുടെ ലക്ഷ്യം.

ഇ.കെ.വിജയന്‍ എംഎല്‍എ അധ്യക്ഷനായി. വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സുരയ്യ ടീച്ചര്‍ ,തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ .പി ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജ്മ സി .വി ,വൈസ് പ്രസിഡന്റ് സെല്‍മ രാജു ,തൂണേരി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര കെ .കെ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹറതണ്ടാന്റവിട, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു .

Similar News