കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാട്; എ കെ ബാലനെതിരേ ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം
വടക്കാഞ്ചേരി: കണ്ണമ്പ്ര റൈസ് പാര്‍ക്ക് ഭൂമിയിടപാട് കേസില്‍ എ കെ ബാലനെതിരേ വിമര്‍ശനം. വടക്കഞ്ചേരി ഏരിയാ സമ്മേളനത്തിലാണ് വിമര്‍ശനം. കൂടിയ വിലയ്ക്ക് സ്ഥലമേറ്റെടുത്തത് അറിഞ്ഞിട്ടും കണ്ണടച്ചുവെന്നും ഭൂമിയിടപാടിനെക്കുറിച്ചറിഞ്ഞിട്ടും സ്ഥലം എംഎല്‍എ ആയ എ കെ ബാലന്‍ മൗനം പാലിച്ചുവെന്നാണ് ആരോപണം.
പരാതി എത്തിയപ്പോള്‍ മാത്രം പാര്‍ട്ടി അന്വേഷിച്ചു. നടപടി നേരിട്ടവര്‍ക്ക് ഇപ്പോഴും പാര്‍ട്ടി സംരക്ഷണമുണ്ട്. മൂന്ന് ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനം ഉന്നയിച്ചത്. മൂന്നരക്കോടിയുടെ അഴിമതി നടന്നു എന്നായിരുന്നു പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തല്‍. ബാങ്ക് സെക്രട്ടറി ആര്‍ സുരേന്ദ്രനെ പുറത്താക്കുകയും സി കെ ചാമുണ്ണിയെ ജില്ലാ സെക്രട്ടേറിയേറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
റൈസ് പാര്‍ക്കിനായി 27.66 ഏക്കര്‍ ഭൂമിയാണ് കണ്‍സോര്‍ഷ്യം വാങ്ങിയത്. ഏക്കറിന് 23 ലക്ഷം രൂപ പ്രകാരം ആറര കോടിയോളം രൂപക്കായിരുന്നു ഇടപാട്. എന്നാല്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രം വിലയുള്ള പ്രദേശത്ത് ഏഴ് ലക്ഷം രൂപ അധികം നല്‍കി ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു കണ്ണമ്പ്രയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ പരാതി.