തൃശൂര്‍: കടപ്പുറം ഗ്രാമപ്പഞ്ചായത്തിലെ സുനാമിക്കോളനിയില്‍ ഒഴിഞ്ഞുകിടക്കുന്ന 19 വീടുകളില്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് താമസക്കാരെ കണ്ടെത്തി പാര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. അതിനായി അറ്റക്കുറ്റ പ്രവൃത്തികള്‍ ഉള്‍പ്പെടെ ഉടന്‍ ചെയ്യണമെന്ന് കലക്ടര്‍ പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചു.
സുനാമിക്കോളനിയിലെ വീടുകളില്‍ താമസിക്കുന്നവര്‍ സ്ഥലം ഒഴിഞ്ഞു പോയി തങ്ങള്‍ക്ക് ലഭിച്ച വീടുകള്‍ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് നല്‍കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സ്ഥലം
എം എല്‍ എ എന്‍ കെ അക്ബര്‍ വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ കലക്ടര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
19 വീടുകളിലേക്ക് പുതിയ താമസക്കാരെ വെയിറ്റിങ് ലിസ്റ്റില്‍ നിന്ന് എടുത്ത് താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത ആഴ്ചകളില്‍ തന്നെ ആരംഭിക്കണമെന്നും നിലവില്‍ ആള്‍ത്താമസമുള്ള 43 വീടുകളുടെ ഉടമസ്ഥര്‍, അവര്‍ക്ക് മറ്റ് വീടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും അനര്‍ഹരുണ്ടെങ്കില്‍ കണ്ടെത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
കോളനിയില്‍ നിന്ന് താമസം മാറിപ്പോയവരുടെ സ്ഥിതി വിവരങ്ങള്‍ അന്വേഷിക്കാനും പ്രദേശത്ത് മണ്ണ് പരിശോധന നടത്തി കൂടുതല്‍ പേരെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുമുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങളും നടത്തും. 20 ദിവസത്തിനകം ഇവയ്ക്ക് നടപടികള്‍ എടുക്കണമെന്നും ഉദ്യോഗസ്ഥരോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.