ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: തീരങ്ങളെ ഉണര്‍ത്തി ഗസല്‍ സന്ധ്യ

Update: 2021-12-24 05:12 GMT

കോഴിക്കോട്: അസ്തമയ സൂര്യനു താഴെ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഗസല്‍ മഴ പെയ്ത സായാഹ്നത്തില്‍ ബേപ്പൂര്‍ മറീന വാട്ടര്‍ ഫെസ്റ്റിനായി ഒരുങ്ങി. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച്‌ബേപ്പൂരിലെ അസ്തമയ കാഴ്ചകള്‍ക്ക് പൊലിമയേകി മെഹ്ഫില്‍ ഓര്‍ക്കസ്ട്രയിലെ ഗുലാബ് ആന്റ് ടീം ആണ് ഗസല്‍ സന്ധ്യ അവതരിപ്പിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ആറിന് ബേപ്പൂര്‍ മറീന ബീച്ചില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ നടന്ന ഗസല്‍ സന്ധ്യയില്‍ മലയാളം ഹിന്ദി ഭാഷകളിലെ പാട്ടുകള്‍ ഒഴുകിയെത്തി. വ്യത്യസ്ത ഈണങ്ങളില്‍ പ്രാണസഖി , താമസമെന്തേ , ചാന്ദ് വിന്‍ കാ ചാന്ദ് ഹോ, ആനെ സെ ഉസ്‌കെ ആയീ ബഹാര്‍, ബഹുത്ത് പ്യാര്‍ കര്‍ത്തേഹോ തുമ്‌കൊ സനം തുടങ്ങിയ ഗാനങ്ങള്‍ ബേപ്പൂരിലെത്തിയ ഓരോരുത്തരെയും സംഗീതത്തിന്റെ ലഹരിയില്‍ താളം പിടിപ്പിച്ചു.

ഓര്‍ക്കസ്ട്രയില്‍ ഖാലിദ് കിബോര്‍ഡും അബ്ദുല്‍ റസാഖ് തബലയും പ്രെജീഷ് റിഥം പാഡും വായിച്ചു. ഗസല്‍ ആസ്വദിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടര്‍ വി ചെല്‍സസിനി എന്നിവര്‍ ബേപ്പൂര്‍ മറീനയിലെത്തിയിരുന്നു. സംഗീതവും നൃത്തച്ചുവടുകളുമായി ഒട്ടേറെ ആസ്വാദകരും ഗസല്‍ സന്ധ്യയെ മനോഹരമാക്കി.

Similar News