നിതീഷ്‌കുമാര്‍ കളംമാറ്റത്തിനൊരുങ്ങുന്നുവെന്ന് സൂചന; ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് കേന്ദ്രമന്ത്രിയായേക്കും
ന്യൂഡല്‍ഹി: എന്‍ഡിഎ വിജയിച്ചാല്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹം ശക്തം. മോദിക്ക് ഹാട്രിക് വിജയമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ അടുത്ത കളംമാറ്റത്തിനൊരുങ്ങുന്നുവെന്നാണ് സൂചനകള്‍. ബിഹാറില്‍ 2015 മുതല്‍ മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാര്‍ രാജിവച്ച് മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് കൈമാറുമെന്നും, മൂന്നാം മോദി സര്‍ക്കാറില്‍ കേന്ദ്രമന്ത്രിയാകാനും ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുതിര്‍ന്ന ബിജെപി നേതാക്കളെയും കണ്ട് ചര്‍ച്ചകള്‍ നടത്തി.
അതേസമയം ചികിത്സാ ആവശ്യങ്ങള്‍ക്കായാണ് നിതീഷ് ഡല്‍ഹിയിലെത്തിയതെന്നാണ് ജെഡിയു വൃത്തങ്ങള്‍ പറയുന്നത്. 40 സീറ്റുകളുള്ള ബിഹാറില്‍ ഇത്തവണ 29 മുതല്‍ 33 സീറ്റുകള്‍ വരെ ബിജെപിയും ജെഡിയുവും അടങ്ങുന്ന എന്‍ഡിഎ സഖ്യം നേടുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. അടുത്ത വര്‍ഷം സപ്തംബറിലാണ് ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ഒഡീഷയില്‍ തൂക്കു നിയമസഭയ്ക്ക് സാധ്യതയെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബിജെപിയെ അധികാരത്തില്‍നിന്നും അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയത്. നവീന്‍ പട്‌നായിക്കിനെ പിന്തുണയ്ക്കുന്നതില്‍ തടസമില്ല, ബിജെഡി സഹായം തേടിയാല്‍ ആലോചിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കക്കള്‍ വ്യക്തമാക്കി.
147 നിയമസഭാ സീറ്റുള്ള ഒഡീഷയില്‍ ബിജെപിക്കും ബിജെഡിക്കും 62 മുതല്‍ 80 സീറ്റുകള്‍ക്കിടയില്‍ കിട്ടും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കോണ്‍ഗ്രസിന് 5 മുതല്‍ 8 വരെസീറ്റുകളാണ് പ്രവചിച്ചത്. കൂടുതല്‍ സീറ്റുകള്‍ ബിജെഡിക്ക് കിട്ടിയാല്‍ നവീന്‍ പട്‌നായിക്കിനെ പിന്തുണയ്ക്കാന്‍ ബിജെപി തയ്യാറാകാനുള്ള സാധ്യതയും തള്ളാനാകില്ല.