ഡോ. വന്ദനാ ദാസ് കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സിബിഐ അന്വേഷണം അവശ്യപ്പെട്ട് പിതാവ് മോഹന്‍ദാസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സന്ദീപ് മാത്രമാണ് കേസിലെ ഏക പ്രതിയെന്നും ഉദ്യോഗസ്ഥര്‍ക്കെതിരേ കണ്ടെത്തലുകളൊന്നുമില്ലെന്നും നിരീക്ഷിച്ചാണ് കോടതി നടപടി. കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇടപെടാന്‍ സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. 106 സാക്ഷികളെ വിസ്തരിക്കുകയും സമഗ്രമായ അന്വേഷണത്തിന് ശേഷം 89ാം ദിവസം അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതി സന്ദീപിനൊപ്പമുണ്ടായിരുന്ന പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഒഴിച്ചാല്‍ അന്വേഷണത്തില്‍ ഗുരുതരമായ പിഴവുകളൊന്നും ഹരജിക്കാര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞില്ല. പ്രതികളുടെ ആക്രമണത്തില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയതിന് ഒരു ക്രിമിനല്‍ ഉദ്ദേശ്യവും ആരോപിക്കപ്പെടുന്നില്ല. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്കുള്ള നടപടി തുടങ്ങുകയാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് വന്ദനയുടെ പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടില്‍ ഉള്ളത്. പ്രതിയുടെ മുന്‍കാല ചരിത്രം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.