കര്‍ഷക പ്രതിഷേധത്തില്‍ 600 പേര്‍ മരിച്ചിട്ടും അനുശോചനം രേഖപ്പെടുത്തിയില്ല; കേന്ദ്രത്തിനെതിരേ മേഘാലയ ഗവര്‍ണര്‍

Update: 2021-11-07 17:30 GMT

ജെയ്പൂര്‍: കാര്‍ഷിക നിയമത്തിനെതിരേ സമരം ചെയ്ത 600 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടും ഒരിക്കല്‍പോലും കേന്ദ്ര സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തിയില്ലെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഒരു മൃഗം ചത്തുപോയാല്‍ പോലും അനുശോചിക്കുന്ന കേന്ദ്ര നേതൃത്വം ഇത്രയേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും നിശ്ശബ്ദരായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു മൃഗം ചത്തുപോയാല്‍പോലും ഡല്‍ഹി നേതാക്കള്‍ അനുശോചിക്കും. പക്ഷേ, 600 കര്‍ഷകര്‍ മരിച്ചിട്ടും ഒരിക്കല്‍ പോലും അതുണ്ടായില്ല- മാലിക് പറഞ്ഞു. രാജസ്ഥാനിലെ ജയ്പൂര്‍ ഹാളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഇത്ര വലിയ ഒരു പ്രതിഷേധത്തിന് രാജ്യം സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ തീപിടിച്ച് 5-7 പേര്‍ മരിച്ചു, കേന്ദ്ര സര്‍ക്കാര്‍ അനുശോചിച്ചു. പക്ഷേ, കര്‍ഷക സമരത്തോട് അതുണ്ടായില്ല.

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷക നിയമത്തിനെതിരേ കഴിഞ്ഞ നവംബര്‍ 26 മുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരത്തിലാണ്.

കര്‍ഷകരുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 

Tags:    

Similar News