സസ്യേതര ഭക്ഷണവിവാദം; ശുചിത്വമില്ലാത്ത വഴിയോര ഭക്ഷണ വണ്ടികള്‍ എടുത്തുമാറ്റുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

Update: 2021-11-16 04:40 GMT

ഗാന്ധിനഗര്‍: ഗുജറാത്ത് സര്‍ക്കാരിന് ജനങ്ങള്‍ ഏത് തരം ഭക്ഷണം കഴിക്കുന്നതിലും വിരോധമില്ലെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍. എന്നാല്‍ ഏത് തരം ഭക്ഷണം വിറ്റാലും ശുചിത്വം പാലിക്കണമെന്നും ഗതാഗത തടസ്സം പാടില്ലെന്നും ലംഘിച്ചാല്‍ വഴിയോര സ്റ്റാളുകള്‍ എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശുചിത്വമില്ലാത്ത ഭക്ഷണം വിറ്റാല്‍ അത് നിര്‍ബന്ധമായും എടുത്തുമാറ്റും. റോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കാനും പാടില്ല- മന്ത്രി പറഞ്ഞു.

 'ചിലര്‍ സസ്യഭക്ഷണം കഴിക്കുന്നു, ചിലര്‍ സസ്യേതര ഭക്ഷണം കഴിക്കുന്നു, ബിജെപി സര്‍ക്കാരിന് അതില്‍ ഒരു പ്രശ്‌നവുമില്ല. റോഡില്‍ നിന്ന് ഭക്ഷണ വണ്ടികള്‍ നീക്കം ചെയ്യണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഞങ്ങളുടെ ഒരേയൊരു ആശങ്ക, ഭക്ഷണ വണ്ടികളില്‍ വില്‍ക്കുന്ന ഭക്ഷണം വൃത്തിഹീനമായിരിക്കരുത് എന്ന് മാത്രമാണ്- മുഖ്യമന്ത്രി പറഞ്ഞു.

ആനന്ദിലെ ബന്‍ധാനി ഗ്രാമത്തില്‍ നടന്ന ബിജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഭൂപേന്ദ്ര പട്ടേല്‍. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അഹമ്മദാബാദ്, വഡോദര, രാജ് കോട്ട്, ദ്വാരക തുടങ്ങി സംസ്ഥാനത്തെ ഏതാനും നഗരങ്ങളില്‍ സസ്യേതര ഭക്ഷണം വഴിയോര സ്റ്റാളുകളിലൂടെ വില്‍ക്കുന്നത് തദ്ദേശ സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്.

Tags:    

Similar News