പത്രവാര്‍ത്ത തുണച്ചു; മന്ത്രി രാജന്റെ നിര്‍ദേശപ്രകാരം മനോജിന്റെയും നിമിഷയുടെയും ഒറ്റമുറി ഷെഡില്‍ കലക്ടര്‍ നേരിട്ടെത്തി അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറി
തൃശൂര്‍: മരോട്ടിച്ചാല്‍ കള്ളായി പ്ലാവീടന്‍ മനോജ്, നിമിഷ ദമ്പതികളുടെ ഒറ്റമുറി ഷെഡ് കലക്ടര്‍ എസ് ഷാനവാസ് സന്ദര്‍ശിച്ചു. നിമിഷയ്ക്ക് പുതിയ അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറിയ കലക്ടര്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും പുതുവസ്ത്രങ്ങളും നല്‍കി. പട്ടയം, വഴി പ്രശ്‌നം എന്നിവ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠന സാഹചര്യത്തെക്കുറിച്ചും പുതിയ വീട് നിര്‍മാണത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിഞ്ഞ കലക്ടര്‍ ഇവര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുനല്‍കി. മനോജിന്റെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട റവന്യൂ മന്ത്രി കെ രാജന്റെ നിര്‍ദ്ദേശപ്രകാരമായായിരുന്നു അടിയന്തരമായി ഇവരുടെ എപിഎല്‍ റേഷന്‍ കാര്‍ഡ് അന്ത്യോദയ കാര്‍ഡാക്കി മാറ്റി നല്‍കിയത്.
ഇവരുടെ ഒറ്റമുറി ഷെഡും നാലു മക്കള്‍ക്കും മതിയായ ഓണ്‍ലൈന്‍ പഠന സാഹചര്യമില്ലാത്തതും പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ് നിരവധി പേരാണ് ഇവര്‍ക്ക് സഹായവുമായി എത്തിയിരുന്നത്.സമാനമായി പ്രദേശത്ത് നിരവധി പാവപ്പെട്ടവര്‍ക്ക് എ പി എല്‍ കാര്‍ഡ് മാറ്റാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് മനസിലാക്കിയ കലക്ടര്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്, താലൂക്ക് സപ്ലൈ ഓഫീസര്‍ സാബു പോള്‍ തട്ടില്‍, വില്ലേജ് ഓഫീസര്‍ സി ജെ വില്‍സണ്‍, അസി. കലക്ടര്‍ സുസിയാന്‍ മുഹമ്മദ്, ജനപ്രതിനിധികള്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.