കാഴ്ചപരിമിതി മറികടന്ന് കംപ്യൂട്ടറില്‍ പരീക്ഷ എഴുതി ഫാത്തിമ അന്‍ഷി നേടിയത് ഫുള്‍ എ പ്ലസ്

മേലാറ്റൂര്‍ എടപ്പറ്റയിലെ അബ്ദുല്‍ ബാരിയുടെയും എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ മകള്‍ ഷംലയുടെയും മകളാണ് ഫാത്തിമ അന്‍ഷി

Update: 2021-07-15 12:13 GMT

മലപ്പുറം: അന്ധതയെ മറികടന്ന് സ്‌കൂള്‍ കലോത്സവ വേദികളിലും റിയാലിറ്റി ഷോകളിലും കഴിവു തെളിയിച്ച പ്രമുഖ ഗായിക ഫാത്തിമ അന്‍ഷിക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്. കംപ്യൂട്ടറിലൂടെ പരീക്ഷ എഴുതിയാണ് ഫാത്തിമ അന്‍ഷി ഒന്നാമതെത്തിയത്. സാധാരണയായി കാഴ്ചപരിമിതിയുള്ളവര്‍ക്ക് പരിക്ഷ എഴുതാന്‍ സഹായിയെ നല്‍കാറുണ്ട്. ഇത് ഉപയോഗിക്കാതെ കംപ്യൂട്ടറിലൂടെ ആരുടേയും സഹായമില്ലാതെ പരീക്ഷ എഴുതിയ ഫാത്തിമ അന്‍ഷി ഇത്തരത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ സംസ്ഥാനത്തെ ആദ്യ പെണ്‍കുട്ടി കൂടിയാണ്.


എസ്എസ്എല്‍സി മോഡല്‍ പരീക്ഷയും ഫാത്തിമ അന്‍ഷി കംപ്യൂട്ടറിലാണ് എഴുതിയത്. മേലാറ്റൂര്‍ ആര്‍ എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഫാത്തിമ അന്‍ഷി ശ്രദ്ധേയയായ ഗായികയാണ്. 2015 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം എന്നിവയില്‍ ഒന്നാമതെത്തിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ശാസ്ത്രീയ സംഗീത്തതില്‍ എ ഗ്രേഡ് നേടിയിട്ടുമുണ്ട്. പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയ ഫാത്തിമ അന്‍ഷി കേരള ഗവണ്‍മെന്റിന്റെ പ്രഥമ ഉജ്വല ബാല്യ അവാര്‍ഡ് ജേതാവ് കൂടിയാണ്. മേലാറ്റൂര്‍ എടപ്പറ്റയിലെ അബ്ദുല്‍ ബാരിയുടെയും എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദിന്റെ മകള്‍ ഷംലയുടെയും മകളാണ് ഫാത്തിമ അന്‍ഷി.




Tags:    

Similar News