പി ശശിയെ നിയമിച്ചത് ഏകകണ്ഠമായി; ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളെന്നും പി ജയരാജന്‍
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ എന്തൊക്കെ ചര്‍ച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ല
തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചത് ഏകകണ്ഠമായിട്ടാണെന്ന് പി ജയരാജന്‍. ഭരണ രംഗത്ത് നല്ല പരിചയമുള്ള ആളാണ് പി ശശി. ഞാന്‍ കൂടി പങ്കാളിയായ സംസ്ഥാന കമ്മിറ്റിയാണ് നിയമനം തീരുമാനിച്ചത്. മറ്റ് വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ എതിര്‍പ്പറിയിച്ചെന്നാണ് ഇന്നലെ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, ഈ വാര്‍ത്ത പി ജയരാജന്‍ നിഷേധിച്ചു. ഒറ്റക്കെട്ടായിട്ടാണ് പി ശശിയെ നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഭരണപരിചയമുള്ള ആളാണ് ശശിയെന്ന് പറഞ്ഞ പി ജയരാജന്‍, കമ്മിറ്റിയില്‍ എന്തൊക്കെ ചര്‍ച്ച നടന്നുവെന്ന് പുറത്തു പറയാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി നിയമിക്കാന്‍ തീരുമാനിച്ചത്. പുത്തലത്ത് ദിനേശന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മാറ്റം. പാര്‍ട്ടി നടപടിയില്‍ പുറത്തു പോയ പി ശശി അടുത്തിടെയാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും മടങ്ങിയെത്തിയത്. പോലിസില്‍ അടക്കം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പിടി അയയുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പി ശശിയുടെ കടന്ന് വരവ്.