സൗദിയില്‍ നിന്ന് പാകിസ്തിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
ഇസ്ലാമാബാദ്: സൗദിയില്‍ നിന്ന് പാകിസ്താനിലേക്ക് മടങ്ങിയെത്തിയ ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു. ഇതോടെ പാകിസ്താനില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 34 കാരന്‍ ഇമാസം 3 ന് സൗദി അറേബ്യയില്‍നിന്നുംപാകിസ്താനിലെത്തി. ഉടന്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുകയും പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തുകയും ചെയ്തു. പാകിസ്താനിലെ പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയാണ് രോഗനിര്‍ണയം സ്ഥിരീകരിച്ച് സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തിലെ സഹയാത്രികര്‍ ഉള്‍പ്പെടെ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 122 രാജ്യങ്ങളിലായി 99,518 കേസുകളും 208 മരണങ്ങളും റിപോര്‍ട്ട് ചെയ്തതോടെ കുരങ്ങുപനി ഒരു പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായി തുടരുന്നു. അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുന്ന വൈറസ് പനി, ചുണങ്ങു, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പ്രത്യക്ഷപ്പെടുന്നത്, സാധാരണയായി 2 മുതല്‍ 4 ആഴ്ച വരെ നീണ്ടുനില്‍ക്കും. രോഗബാധിതരില്‍ 99 ശതമാനവും അതിജീവിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പാകിസ്താനില്‍, 2023 ഏപ്രില്‍ മുതല്‍ 11 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.