ജനങ്ങള്‍ ആശങ്കപ്പെടേണ്ട, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്: ഇടുക്കി ജില്ലാ കളക്ടര്‍
കട്ടപ്പന: ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഇന്ന് (05-0-822) രാവിലെ 9 മണിക്ക് 137.25 അടിയില്‍ എത്തിയതായി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രാവിലെ 11.30 മുതല്‍ 30 സെമീ വീതം ഉയര്‍ത്തി 534 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ അധിവസിക്കുന്നവരും ജീവനക്കാരും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടതായ സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് മഞ്ജുമല വില്ലേജ് ഓഫിസ് ആസ്ഥാനമായി 24X7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. (ഫോണ്‍ നമ്പര്‍ 04869253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.