'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്തത് ചോദ്യം ചെയ്ത് ഹരജി; 5000 രൂപ പിഴയിട്ട് സുപ്രിംകോടതി
നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ നിര്‍മിച്ച 'കൊറോണ മാതാ' ക്ഷേത്രം തകര്‍ത്ത പൊലീസ് നടപടി ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ച സ്ത്രീക്ക് 5000 രൂപ പിഴയിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.പിഴ നാലാഴ്ചയ്ക്കകം കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയില്‍ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും എം എം സുന്ദരേഷ് അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.
ഗ്രാമത്തെ കൊവിഡില്‍ നിന്ന് രക്ഷിക്കാനെന്ന് പറഞ്ഞാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മിച്ചത്. കൊവിഡിനെ ഭയന്ന് നിരവധി പേരാണ് അവിടെ പ്രാര്‍ഥിക്കാന്‍ എത്തിയിരുന്നത്.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് ഈ ക്ഷേത്രം പൊളിച്ചുനീക്കുകയായിരുന്നു. ക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ ഭൂമി കൈയേറി എന്ന ഭൂ ഉടമയുടെ പരാതിയിലായിരുന്നു നടപടി.