ന്യൂഡല്‍ഹി: ഇന്ധനവില ഉയരുകയും കേന്ദ്ര സര്‍ക്കാരിനെതിരേയുളള വിമര്‍ശനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് മാറ്റാനുള്ള ചര്‍ച്ച തുടങ്ങി. സപ്തംബര്‍ 17ന് ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇന്ധനവില പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് ദേശീയ മാധ്യങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കണ്ണുവച്ചുകൊണ്ടാണ് പുതിയ നീക്കം. ബിജെപി ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്ധന വില വര്‍ധന.
ഇന്ധനങ്ങളില്‍ പ്രമുഖ സ്ഥാനത്തുള്ള പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ഉപഭോക്തൃ രംഗത്തുമാത്രമല്ല, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വരുമാനത്തിന്റെ ഘടനയെത്തന്നെ അത് ബാധിക്കും.
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ ഇന്ധനവില നിര്‍ണയം ചര്‍ച്ചക്കെടുക്കും. അതേസമയം ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും അതിനോട് പ്രതികരിക്കാന്‍ ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ജിഎസ്ടി കൗണ്‍സിലിന്റെ ഘടനയനുസരിച്ച് സുപ്രധാനമായ തീരുമാനങ്ങള്‍ക്ക് കൗണ്‍സിലിന്റെ നാലില്‍ മൂന്ന് ഭാഗത്തിന്റെ പിന്തുണയുണ്ടായിരിക്കണം. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കേന്ദ്രത്തിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ജിഎസ്ടി കൗണ്‍സില്‍.
ജിഎസ്ടി കൗണ്‍സിലില്‍ ഇന്ധന വില ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്ര സര്‍ക്കാരിന് മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കും എതിര്‍പ്പുണ്ടായിക്കുമെന്ന് സൂചനയുണ്ട്.
ഒരിക്കല്‍ എണ്ണവില ജിഎസ്ടിയിലേക്ക് മാറ്റിയാല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഒരേ നികുതിയിലായിരിക്കും ഇന്ധനം വില്‍ക്കുക. അത് ഇന്ധന വില ഏകീകരിക്കാന്‍ മാത്രമല്ല, കുറയാനും സാധ്യതയുണ്ടാക്കും. നിലവില്‍ ഇന്ധന വിലയില്‍ ഗണ്യമായ ഭാഗം കേന്ദ്ര, സംസ്ഥാന നികുതികളാണ്.
ഇന്ധന വിലയില്‍ പകുതിയില്‍ കൂടുതല്‍ നികുതിയാണ്. രാജ്യത്തെ ഇന്ധനങ്ങളില്‍ പകുതിയില്‍ കൂടുതല്‍ ഡീസലും പെട്രോളുമാണ്. ഡീസല്‍ ചരക്കുനീക്കത്തെ ഗണ്യമായി ബാധിക്കുമ്പോള്‍ പെട്രോള്‍ മറ്റ് മേഖലകളില്‍ ഉപയോഗിക്കുന്നു. രാജ്യത്തെ വിലക്കയറ്റത്തിന്റെ വര്‍ധനയില്‍ ഇന്ധനവിലക്ക് വലിയ സ്വാധാനമാണ് ഉള്ളത്.
അടുത്ത ജിഎസ്ടി യോഗത്തില്‍ കൊവിഡ് ചികില്‍സക്ക് ഉപയോഗിക്കുന്ന മരുന്നുകളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഡിസംബര്‍ 31വരെ നീട്ടാന്‍ തീരുമാനിച്ചേക്കും.
45ാം ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് സപ്തംബര്‍ 17ന് ലഖ്‌നോവില്‍ നടക്കാനിരിക്കുന്നത്. കൊറോണ വ്യാപനത്തിനുശേഷം സാധാരണ ഓണ്‍ലൈനിലാണ് യോഗം ചേരുക പതിവ്. അതിനുശേഷം ആദ്യമായി നടക്കുന്ന നേരിട്ടുള്ള യോഗമാണ് വെള്ളിയാഴ്ചയിലേത്.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ കൊണ്ടുവരുന്നതിന് കേരളം നേരത്തെ മുതല്‍ എതിരാണ്. ഇത്തവണയും കേരളം എതിര്‍ത്തേക്കും.