ദിവസവും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന പിണറായി വിജയന് നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് ഷിബു ബേബി ജോണ്‍
കൊല്ലം: ദിവസവും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പൗരത്വനിയമം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുക എന്ന ബിജെപിയുടെ തന്ത്രത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.
ആര്‍എസ്എസിനെതിരേ പോരാടുമെന്ന് വീമ്പുപറയുകയും അവര്‍ക്കുമുന്നില്‍ വിധേയരായി നില്‍ക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് റിയാസ് മൗലവി കേസിലെ പോലിസ് അന്വേഷണം. ഈ കേസില്‍ നിലവാരമില്ലാത്ത അന്വേഷണമാണ് പോലിസ് നടത്തിയത്. കോടിയേരിക്കുനേരേ ബോംബെറിഞ്ഞ കേസിലെയും കെ സുരേന്ദ്രന്‍ പ്രതിയായ കള്ളപ്പണക്കേസിലെയും അന്വേഷണവും സംശയത്തിന്റെ നിഴലിലാണ് ഷിബു ബേബി ജോണ്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്ന വിധിയെഴുത്താണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. 370ഉം 400ഉം സീറ്റ് നേടുമെന്ന് വീമ്പുപറഞ്ഞ ബിജെപി ഇപ്പോള്‍ ആകെ ആശങ്കയിലാണ്. പൗരത്വനിയമം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുക എന്ന ബിജെപിയുടെ തന്ത്രത്തില്‍ മുഖ്യമന്ത്രിയും സിപിഎമ്മും വീഴുകയാണ്. പൗരത്വ സംരക്ഷണസദസ്സ് നടത്തിയ സ്ഥലങ്ങള്‍ നോക്കിയാല്‍ ഇതിനുപിന്നിലെ സിപിഎം തന്ത്രം മനസ്സിലാകും. തൃശ്ശൂരും കോട്ടയത്തും പൗരത്വനിയമം പ്രശ്‌നമല്ലേയെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വൈകിപ്പിച്ച്, പൗരത്വനിയമ ചട്ടങ്ങള്‍ കൊണ്ടുവന്നതും കെജ് രിവാളിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതുമെല്ലാം ആശങ്കകൊണ്ടാണ്. 101 സിറ്റിങ് എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ച ബിജെപി നടപടിയിലും അവരുടെ അങ്കലാപ്പാണ് പ്രതിഫലിക്കുന്നത്. മോദിയെ തോല്‍പ്പിക്കുക എന്ന പൊതുതാത്പര്യത്തിനു പകരം നാലോ അഞ്ചോ സീറ്റു നേടുക എന്ന ലക്ഷ്യത്തിലാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
സിപിഎമ്മുകാര്‍ അല്ലാത്ത ആളുകള്‍ പ്രധാനമന്ത്രിയെ കണ്ടാല്‍ അത് വലിയ കുഴപ്പമാണെന്ന് പ്രചരിപ്പിക്കും. പിണറായി വിജയന്‍ മോദിക്ക് നാല് ആറന്മുളക്കണ്ണാടി കൊടുത്തപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഞാന്‍ ഒരു കണ്ണാടി കൊടുത്തപ്പോള്‍ അത് വലിയ അപരാധമായി പ്രചരിപ്പിച്ചു ഷിബു ബേബിജോണ്‍ പറഞ്ഞു.