കൊല്ലം: വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാര്‍ഥ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തേവലക്കരയില്‍ ചേര്‍ന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പക്ഷേ യുഡിഎഫ് എംപിമാര്‍ കേരളത്തിലെ ജനങ്ങളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണഘടനാ അവകാശങ്ങളും മതനിരപേക്ഷതയും ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ ഉയരേണ്ട രോഷം ഉയര്‍ന്നോ. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതിനെതിരേ നിവേദനം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ യുഡിഎഫ് എംപിമാര്‍ മാറിക്കളയുകയുകയായിരുന്നു.
പിന്നീട് അത് കേരളത്തിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് എഴുതിച്ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടവരാണവര്‍. ഇത്തവണ ഇതിനെതിരേ ശക്തമായൊരു എല്‍ഡിഎഫ് തരംഗം ഇവിടെ ഉയര്‍ന്നുവന്നിട്ടുണ്ട്-അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ അനില്‍ പുത്തേഴം അധ്യക്ഷനായി. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, കെബി ഗണേഷ്കുമാര്, തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി ടി മനോഹരന്, സ്ഥാനാര്‍ഥി എം മുകേഷ് എംഎല്‍എ എന്നിവര്‍ സംസാരിച്ചു.