ഡോ. പികെ വാര്യര്‍: ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിന് സംഭാവനകള്‍ നല്‍കിയ ആചാര്യനെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്കും ആയുര്‍വേദം ജീവിതത്തിന്റെ ഭാഗമാക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കിയ ആചാര്യനായിരുന്നു ഡോ. പികെ വാര്യരെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ആയുര്‍വേദത്തിന്റെ മറുവാക്കായിരുന്നു പികെ വാര്യര്‍. ആയുര്‍വേദം ഒരു ചികിത്സാക്രമം എന്ന നിലയിലും, ആധുനിക വിദ്യാഭ്യാസത്തില്‍ ആയുര്‍വേദത്തിന് ശക്തമായിട്ടുള്ള ഒരു സ്ഥാനം നല്‍കുന്നതിനും അദ്ദേഹം മുഖ്യമായിട്ടുള്ള പങ്ക് വഹിച്ചു.
ആറ് ദശാബ്ദത്തില്‍ അധികമായിട്ടുള്ള കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അധിപനായ പികെ വാര്യര്‍ കേരളത്തിലെ ഉന്നത ജീവിത മാതൃകകളില്‍ ഒരാളാണ്. ഡോ. പികെ വാര്യരുടെ എളിമയും ഉയര്‍ന്ന ചിന്തയും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനുള്ള ഹൃദയവിശാലതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി നിര്‍ത്തിയിരുന്നു. കേരളത്തിലെ സാമൂഹ്യ ചലനങ്ങളില്‍ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും സാമൂഹ്യ രംഗത്തെ പ്രമുഖരുമായി വളരെ അടുത്ത ഹൃദയ ബന്ധം സ്ഥാപിക്കുകയും ചെയ്ത മഹാനായ ഒരു ആചാര്യനായിരുന്നു പത്മഭൂഷന്‍ ഡോ.പി കെ വാര്യരെന്നും സ്പീക്കര്‍ അനുസ്മരിച്ചു.