നേപ്പാളിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നുവീണ് പൈലറ്റ് ഒഴികെ ബാക്കി 18 പേരും മരിച്ചു

Update: 2024-07-24 08:25 GMT

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 18 പേരുടെ മൃതദേഹം കണ്ടെത്തിയതായും പൈലറ്റ് ഗുരുതരാവസ്ഥയിലാണെന്നും നേപ്പാളി മാധ്യങ്ങള്‍ റിപോര്‍ട്ടുചെയ്തു.

പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ചിത്രങ്ങളും വിഡിയോകളും മാധ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണവിധേയമായെന്നാണ് റിപോര്‍ട്ട്. ജീവനക്കാരും ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരും അടക്കം വിമാനത്തില്‍ 19 പേരാണ് ഉണ്ടായിരുന്നത്.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ പൈലറ്റ് എം ആര്‍ ശാക്യയെ കാഠ്മണ്ഡു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ടുചെയ്തു. റണ്‍വേയില്‍നിന്ന് വിമാനം എങ്ങനെ തെന്നിമാറി എന്നകാര്യം വ്യക്തമല്ല. നേപ്പാളിലെ അന്താരാഷ്ട്ര ആഭ്യന്തര സര്‍വ്വിസുകള്‍ നടത്തുന്ന പ്രധാന വിമാനത്താവളമാണ് ത്രിഭുവന്‍.

Tags:    

Similar News