പ്ലസ് വണ്‍ അധിക ബാച്ചുകള്‍ തുടക്കത്തിലേ അനുവദിക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Update: 2025-03-26 00:37 GMT
പ്ലസ് വണ്‍ അധിക ബാച്ചുകള്‍ തുടക്കത്തിലേ അനുവദിക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷം പുതുതായി ഒരു ഹയര്‍സെക്കന്‍ഡറി ബാച്ചും പ്രാഥമികഘട്ടത്തില്‍ അനുവദിക്കേണ്ടെന്ന് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. ഈ വര്‍ഷം 54996 പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തിലാണ് നടപടി. അടുത്ത അധ്യയനവര്‍ഷം ഒന്നാംഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം ബാച്ചുകളുടെ ആവശ്യകത തിട്ടപ്പെടുത്തും. സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതും കുട്ടികള്‍ കുറവുള്ളതുമായ ബാച്ചുകള്‍ പുന:ക്രമീകരിച്ച് പ്രശ്‌നം പരിഹരിക്കും. ഇതിനെല്ലാം ശേഷം സീറ്റുകള്‍ ആവശ്യമുണ്ടെങ്കില്‍ ബാച്ചുകള്‍ അനുവദിക്കും.

ഈ അധ്യയനവര്‍ഷം പ്ലസ് വണ്‍ പ്രവേശനത്തിന് അധികബാച്ചും മാര്‍ജിനല്‍ സീറ്റ് വര്‍ധനയും തുടക്കത്തില്‍ത്തന്നെ സര്‍ക്കാര്‍ അനുവദിച്ചെങ്കിലും കുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്തതിനാല്‍ പ്രതിഷേധം രൂക്ഷമായിരുന്നു. മലബാറിലെ ജില്ലകളിലായിരുന്നു കൂടുതല്‍ പ്രശ്‌നം. കേസുകള്‍ വന്നതോടെ ഹൈക്കോടതിയും ഇടപെട്ടു. കോടതിയുടെ നിര്‍ദേശപ്രകാരം പ്ലസ്‌വണ്‍ സീറ്റുകളുടെ ആവശ്യകതയും പ്രശ്‌നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരോടു പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. അവരുടെ റിപോര്‍ട്ട് പരിശോധിച്ചശേഷമാണ് 2025-26 അധ്യയനവര്‍ഷം പുതുതായി ബാച്ചുകള്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

ഈ അധ്യയനവര്‍ഷം അനുവദിക്കപ്പെട്ട 3,60,557 പ്ലസ് വണ്‍ സീറ്റും അധികബാച്ചിലെ 17,465 സീറ്റുകളും മാര്‍ജിനല്‍ വര്‍ധനയിലെ 63,865 സീറ്റുകളും അടക്കം മൊത്തം 4,41,887 സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍, പ്രവേശനം നേടിയവരുടെ എണ്ണം 3,86,891 ആയിരുന്നു. ഒഴിഞ്ഞു കിടന്ന സീറ്റുകളുടെ എണ്ണം 54,996 ആണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News