പ്രതി തട്ടിക്കൊണ്ട് പോയ പോക്‌സോ കേസ് അതീജിവിതയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി
കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത അച്ഛനേയും അമ്മയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട്:പാലക്കാട്ട് പ്രതിയും സംഘവും തട്ടിക്കൊണ്ടുപോയ പീഡനക്കേസിലെ ഇരയായ 11കാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.സുരഷ പരിഗണിച്ചാണ് കുഞ്ഞിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയത്.കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കസ്റ്റഡിയിലെടുത്ത അച്ഛനേയും അമ്മയേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ സംരക്ഷണചുമതലയുളള മുത്തശ്ശി നല്‍കിയ പരാതിയിലാണ് നടപടി.
കേസില്‍ വിചാരണ തുടങ്ങാനിരിക്കേ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ചെറിയച്ചനും,മാതാപിതാക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ഗുരുവായൂരില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയിരുന്നത്.പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. വനിതാ പോലിസിന്റെ സാന്നിധ്യത്തില്‍ രാത്രിയോടെ പാലക്കാടെത്തിച്ച് കുട്ടികളുടെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിക്ക് മുന്‍പാകെ കുട്ടിയെ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും.പെണ്‍കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ഇനി ജുവനൈല്‍ ഹോമില്‍ കുട്ടിയെ താമസിപ്പിക്കാനാണ് സാധ്യത.
കേസിനെ തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം താമസിക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ച പെണ്‍കുട്ടി മുത്തശിയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇതിനിടെ പ്രതിയായ ചെറിയച്ഛനും,കുട്ടിയുടെ മാതാപിതാക്കളും, അടുത്ത ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയായിരുന്നെന്ന് മുത്തശി പോലിസില്‍ പരാതി നല്‍കിയിരുന്നു.അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ ശ്രമിച്ച മുത്തശിയെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മര്‍ദ്ദിച്ചു.വിചാരണക്ക് മുന്‍പ് മൊഴി മാറ്റിക്കാന്‍ നേരത്തേയും പല തവണ ശ്രമിച്ചതായും മുത്തശി പറഞ്ഞു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോക്‌സോ കേസ് പ്രതിയായ ചെറിയച്ഛന്‍ ഉള്‍പ്പെടെ ആറുപേരെ പാലക്കാട് ടൗണ്‍ സൗത്ത് പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.16നാണ് പോക്‌സോ കേസില്‍ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കുന്നത്.