തൂത്തുക്കുടിയില്‍ പ്രതിഷേധക്കാരെ പോലിസ് വെടിവച്ചുകൊന്ന സംഭവം: മുസ് ലിം മുന്നേറ്റ കഴകത്തെ പ്രശംസിച്ച് ജസ്റ്റിസ് അരുണ കമ്മീഷന്‍

Update: 2022-10-21 09:40 GMT

ചെന്നൈ: 2018ല്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്കെതിരെ തൂത്തുക്കുടി പോലിസ് വെടിവയ്പ് നടത്തിയപ്പോള്‍ പരിക്കേറ്റവര്‍ക്ക് വൈദ്യസഹായമടക്കം നല്‍കാന്‍ തയ്യാറായ മുസ് ലിം എന്‍ജിഒക്ക് ജസ്റ്റിസ് അരുണ കമ്മീഷന്റെ ആദരം.

പ്രശസ്ത എന്‍ജിഒ ആയ തമിഴ്‌നാട് മുസ് ലിം മുന്നേറ്റ കഴകത്തെയാണ് ജസ്റ്റിസ് അരുണാ കമ്മീഷന്‍ റിപോര്‍ട്ടില്‍ പ്രശംസകൊണ്ടു മൂടിയത്. ഇതിനുപുറമെ സ്വജീവന്‍ തൃണവല്‍ക്കരിച്ച് മറ്റുള്ളവര്‍ക്ക് സഹായമെത്തിച്ച സെന്തില്‍കുമാറെന്ന വ്യക്തിയെയും നല്ലതമ്പി ആശുപത്രിയെയും കമ്മീഷന്‍ റിപോര്‍ട്ടില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭയില്‍വച്ചത്. 77 മുതല്‍ 80 വരെയുള്ള പേജുകളിലാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ സംഘടനയെയും സെന്തില്‍കുമാറിനെയും കുറിച്ച് പറഞ്ഞിട്ടുള്ളത്. പരിക്കേറ്റവരെയും മരിച്ചവരെയും സ്വകാര്യ ആംബുലന്‍സുകളിലാണ് ആശുപത്രിയിലെത്തിച്ചതെന്നും ഒരാളെപ്പോലും 108 ആംബുല്‍സ് ഉപയോഗിച്ചല്ല എത്തിച്ചതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഗുരുതരമായി പരിക്കേറ്റ് ജീവനുവേണ്ടി മല്ലിടുന്ന ഇരകളെ ജനറല്‍ ആശുപത്രിയിലെത്തിച്ചത് സ്വകാര്യ ആംബുലന്‍സുകൡലാണ്. ഇതിനായി, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം (ടിഎംഎംകെ) എന്ന ഒരു സംഘടന ജാതി, മത, സമുദായ, മത ഭേദമില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് വിലമതിക്കാനാകാത്ത സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഈ കാലത്ത് അത് എടുത്തുപറയേണ്ടതാണ്. മറ്റൊരുകാര്യം ആ പന്ത്രണ്ടുപേരെയും 108 ആംബുലന്‍സുകളില്‍ സര്‍ക്കാര്‍ ആശുപത്രിയിലല്ല പ്രവേശിപ്പിച്ചതെന്നുമാണ്. ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്ലതമ്പി സ്വകാര്യ ആശുപത്രിയും സ്വകാര്യ ആംബുലന്‍സുകളുമാണ് സഹായത്തിനെത്തിയത്.

പോലിസ്, റവന്യൂ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നുപോയ സമയത്ത് തമിഴ്‌നാട് മുസ് ലിം മുന്നേറ്റ കഴകവും സ്വകാര്യ ആശുപത്രി ആംബുലന്‍സും മാനുഷികവും മാതൃകാപരവുമായ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചില സ്വകാര്യവ്യക്തികളും സഹായത്തിനെത്തി. അങ്ങനെയല്ലാതിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നു. ആളുകള്‍ പരിഭ്രാന്തരായിരുന്നു. ക്രമസമാധാനം ആകെ തകര്‍ന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്തംഭിച്ചു. കോലാഹലമായി. ഈ അന്തരീക്ഷത്തിലാണ് തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകവും പി സെന്തില്‍ കുമാറും ധീരമായി തുനിഞ്ഞിറങ്ങിയത്. നല്ലതമ്പി ആശുപത്രി, സെന്തില്‍കുമാര്‍, മുസ് ലിം മുന്നേറ്റ കഴകം എന്നിവര്‍ക്ക് കമ്മീഷന്‍ നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Tags:    

Similar News