ജനങ്ങളോട് മോശമായി പെരുമാറുന്ന പോലിസുകാരെ തരംതാഴ്ത്തും: നവീന്‍ പട്‌നായിക്
ജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും നവീന്‍ പട്‌നായിക് അറിയിച്ചു.
ഭുവനേശ്വര്‍: ജനങ്ങളോട് മോശമായി പെരുമാറുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മോശം പെരുമാറ്റമുള്ള ഉദ്യോഗസ്ഥരെ തല്‍സ്ഥാനത്ത് നിന്ന് തരംതാഴ്ത്തുമെന്നാണ് മുഖ്യന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്നും ഒക്ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്ത് ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും നവീന്‍ പട്‌നായിക് അറിയിച്ചു. ഗാന്ധി ജയന്തി ദിവസത്തില്‍ ആരംഭിക്കാനിരിക്കുന്ന 'മോ സര്‍ക്കാര്‍ ഇനിഷ്യേറ്റീവ്' പദ്ധതിയെ സംബന്ധിച്ച് നടന്ന വാര്‍ത്താസമ്മേലനത്തിലാണ് പട്‌നായിക് ഇക്കാര്യം അറിയിച്ചത്.
സാങ്കേതിക വിദ്യ (ടെക്‌നോളജി), സുതാര്യത (ട്രാന്‍സ്പാരന്‍സി), കൂട്ടായ പ്രവര്‍ത്തനം(ടീം വര്‍ക്ക്), ട്രാന്‍സ്ഫര്‍മേഷന്‍ (പരിവര്‍ത്തനം) എന്നിങ്ങനെ 'ഫൈവ് ടി മന്ത്ര' പിന്തുടരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 635 പോലിസ് സ്‌റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാരുമായും പട്‌നായിക് വീഡിയോ സംവിധാനത്തിലൂടെ സംവദിച്ചു.പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തുന്ന ആളുകളുടെ ഫോണ്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പിന്നീട് അത് 'മോ സര്‍ക്കാരി'ന്റെ പ്രത്യേക വെബ് പോര്‍ട്ടലിന് കൈമാറും. രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ഫോണ്‍ നമ്പരിലേക്ക് ഓട്ടോമാറ്റിക് സന്ദേശം അയയ്ക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന 10 നമ്പരുകളിലേക്ക് വിളിച്ച് പോലിസ് സ്‌റ്റേഷനിലെ അനുഭവത്തെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ നമ്പരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ 'മോ സര്‍ക്കാരി'ന്റെ വെബ് പോര്‍ട്ടലിലെ ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗപ്പെടുത്താമെന്നും പട്‌നായിക് പറഞ്ഞു. പോലിസ് ഉദ്യോഗസ്ഥര്‍ പരാതി പരിഗണിക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ കാണിച്ചാല്‍ ജനങ്ങള്‍ക്ക് എസ്പിയെയോ ഡിഐജിയെയോ പരാതിയുമായി സമീപിക്കാം. ഇതിനായി സംവിധാനം ഒരുക്കുമെന്നും പട്‌നായിക്ക് വ്യക്തമാക്കി.