ആര്‍എസ്എസിന് കാവലിരിക്കുന്ന വിഭാഗമായി കേരളാ പോലിസ് അധ:പതിച്ചു: പോപുലര്‍ ഫ്രണ്ട്
അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരസ്വാതന്ത്ര്യത്തിനെതിരെ പോലിസ് നടത്തുന്ന കയ്യേറ്റശ്രമം പ്രതിഷേധാര്‍ഹമാണ്. മോദിയുടേയും യോഗിയുടേയും പോലിസിനേക്കാള്‍ മോശം രീതിയിലാണ് പിണറായിയുടെ പോലിസ് പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം: ജനാധിപത്യം സംരക്ഷിക്കേണ്ടതിനു പകരം നീതിബോധം നഷ്ടപ്പെട്ട് ആര്‍എസ്എസിന് കാവലിരിക്കുന്ന വിഭാഗമായി കേരളാ പോലിസ് അധപതിച്ചിരിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരസ്വാതന്ത്ര്യത്തിനെതിരെ പോലിസ് നടത്തുന്ന കയ്യേറ്റശ്രമം പ്രതിഷേധാര്‍ഹമാണ്. പൊതുസമൂഹത്തോട് പക്ഷപാതപരവും വിവേചനപരവുമായാണ് പോലിസ് പെരുമാറുന്നത്. മോദിയുടേയും യോഗിയുടേയും പോലിസിനേക്കാള്‍ മോശപ്പെട്ട രീതിയിലാണ് പിണറായിയുടെ പോലിസ് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നിരവധി കേസുകളാണ് കേരളത്തിലുടനീളം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആര്‍എസ്എസിന്റെ ഭീകരത പൊതുജനമധ്യത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാകുന്നതിന് തടയിടാന്‍ കേരളാ പോലിസ് കാട്ടുന്ന വ്യഗ്രത ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. കലാപാഹ്വാനം നല്‍കി അണികളെ അക്രമത്തിന് സജ്ജരാക്കി നിര്‍ത്തിയിരിക്കുകയാണ് ആര്‍എസ്എസ്. അടുത്തിടെ എറണാകുളത്ത് സേവാഭാരതിയുടെ വാഹനത്തില്‍ നിന്നും തോക്ക് പിടികൂടിയതും കുന്നംകുളത്ത് ആയുധം സംഭരിച്ചതും ഇന്നലെ ബീമാപ്പളളില്‍ ആയുധവുമായി രണ്ടുപേര്‍ പിടിയിലായതും ഇതിന്റെ ഭാഗമാണ്.
കേരളാ പോലിസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന ശരിവയ്ക്കുന്ന നടപടികളാണ് കേരളത്തില്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലാ സമ്മേളനങ്ങളിലും നിരവധി ഏരിയാ സമ്മേളനങ്ങളിലും ആഭ്യന്തരവകുപ്പിലെ ആര്‍എസ്എസ് സ്വാധീനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പോലിസിലെ ആര്‍എസ്എസ് ഇടപെടലിനെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശിച്ചിരുന്നു. അടുത്തിയെ സിപിഐ നേതാവ് ആനിരാജയും പോലിസിലെ ആര്‍എസ്എസ് മേധാവിത്വം തുറന്നുകാട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ആര്‍എസ്എസിന്റെ ആയുധപരിശീലനത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഗൗരവമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. നിലവില്‍ കേസ് എടുത്തവരൊക്കെ ആര്‍എസ്എസിനെ വിമര്‍ശിച്ചു എന്നല്ലാതെ നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനോ നിയമവാഴ്ചയെ വെല്ലുവിളിച്ചതോ ആയിട്ടുള്ള ഒരു പരാമര്‍ശം പോലും നടത്തിയവരല്ല. ആര്‍എസ്എസിന്റെ വര്‍ഗീയതയേയും കലാപാഹ്വാനത്തേയും വംശീയതയേയും എതിര്‍ക്കുകയും അതിനെതിരെ സമരസപ്പെട്ട് നിലപാട് സ്വീകരിക്കാത്ത പോലിസിന്റെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയ്യേറ്റമാണ്. കേരളാ പോലിസും ഭരണഘടനയും തമ്മിലുള്ള തുറന്ന പോരാട്ടമാണിത്.
ആര്‍എസ്എസിന്റെ കലാപാഹ്വാനത്തെ വിമര്‍ശിക്കുകയും പോലിസിന്റെ നിസംഗത ചൂണ്ടിക്കാട്ടുകയും ചെയ്തതിനാണ് കട്ടപ്പനയില്‍ ഉസ്മാന്‍ ഹമീദ് എന്ന നിരപരാധിയായ യുവാവിനെ ഇന്നലെ പോലിസ് ജയിലിടച്ചത്. മുമ്പ് സോഷ്യല്‍ മീഡിയ വഴി പ്രതീഷ് വിശ്വനാഥ് ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ കേരളത്തിലല്ല എന്നു പറഞ്ഞ് കൈമലര്‍ത്തിയവരാണ് കേരളാ പോലിസ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസുകാര്‍ ജയ് ശ്രീറാം, വന്ദേമാതരം വിളിപ്പിക്കുകയും മുസ്‌ലിം വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്തത് ഇതോടൊപ്പം കൂട്ടിവായിക്കണം. തൃശൂരില്‍ ഹിന്ദുത്വ പരാമര്‍ശത്തിന്റെ പേരില്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് കേസെടുത്തതും പോലിസിലെ സംഘപരിവാര സ്വാധീനത്തിന് തെളിവാണ്. കേരളത്തിലുടനീളം കൊലവിളി പ്രസംഗം നടത്തി പ്രവര്‍ത്തകരെ കലാപത്തിനും കൊലപാതകത്തിനും പ്രേരിപ്പിക്കുന്ന ആര്‍എസ്എസ് നേതാക്കള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴാണ് ആര്‍എസ്എസിനെ വിമര്‍ശിച്ചുവെന്ന ഒറ്റക്കാരണത്താല്‍ നിരപരാധികളെ വേട്ടയാടുന്നത്.
ആലപ്പുഴയില്‍ കെഎസ് ഷാനെ കൊലപ്പെടുത്തിയതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊലവിളി പ്രസംഗം നടത്തിയ ആര്‍എസ്എസിന്റെ വിദ്വേഷ പ്രചാരകനായ വല്‍സന്‍ തില്ലേങ്കരിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പോലിസാണ് വിമര്‍ശകരെ തിരഞ്ഞുപിടിച്ച് വേട്ടയാടുന്നത്. ഷാന്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വല്‍സന്‍ തില്ലേങ്കരി ആലപ്പുഴയിലുണ്ടായിരുന്നു. കേസിലെ പ്രതികളുമായി വല്‍സന്‍ തില്ലേങ്കരി ഗൂഢാലോചന നടത്തിയ തെളിവുകള്‍ പുറത്തുവന്നിട്ടും ആ നിലയില്‍ അന്വേഷണം നടത്തിയിട്ടില്ല. സംസ്ഥാനത്ത് നിരവധി സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസ് പ്രതിസ്ഥാനത്താണ്. ഇതിലെല്ലാം ലഘുവായ വകുപ്പുകള്‍ ചുമത്തി പോലിസ് നിസാരവല്‍ക്കരിച്ചു. സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും നിരന്തരം വര്‍ഗീയത പുലമ്പുന്ന ടി ജി മോഹന്‍ദാസ്, സന്ദീപ് വചസ്പതി, ആര്‍ വി ബാബു, ശശികല, സന്ദീപ് വാര്യര്‍, കെ സുരേന്ദ്രന്‍, ഹരിദാസ് തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നിരവധി പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടുള്ളത്. ഡിജിപിക്ക് നേരിട്ട് പോലും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതികളിലൊക്കെ നിര്‍ബന്ധിത മൗനം തുടര്‍ന്ന പോലിസ് ഇപ്പോള്‍ കാട്ടുന്ന ശൗര്യം ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്നത് വ്യക്തമാണ്. വര്‍ഗീയ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പായ 153(എ) പ്രകാരം കേസെടുത്തിട്ടുള്ള ശശികല, ടി പി സെന്‍കുമാര്‍, കെ ആര്‍ ഇന്ദിര, ഡോ.ഗോപാലകൃഷ്ണന്‍, വല്‍സന്‍ തില്ലേങ്കരി തുടങ്ങിയവര്‍ക്ക് പച്ചപ്പരവതാനി വിരിക്കുകയും ആര്‍എസ്എസിനെ വിമര്‍ശിച്ചതിന്റെ പേരില്‍ യുവാക്കളേയും സ്ത്രീകളേയും തിരഞ്ഞുപിടിച്ച് തടവറയിലാക്കുകയും ചെയ്യുന്നത് ഇരട്ടനീതിയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിക്കൂട്ടി പട്ടിക്ക് ഇട്ടുകൊടുക്കുമെന്ന് പരസ്യമായി കൊലവിളി നടത്തിയ ആര്‍എസ്എസുകാര്‍ക്ക് നേരെ ഒരു നടപടിയുമുണ്ടായിട്ടില്ല. സിപിഎം നിയന്ത്രണത്തിലുള്ള കേരളാ പോലിസ് ആര്‍ക്കുവേണ്ടിയാണ് ദാസ്യപ്പണി ചെയ്യുന്നത്. പിണറായി വിജയനും മുകളില്‍ ആഭ്യന്തരം നിയന്ത്രിക്കുന്നത് ആരാണ്. പൊതുജനത്തെ സേവിക്കേണ്ടതിന് പകരം ഹിന്ദുത്വസേവ നടത്തുന്ന കേരളാ പോലിസ് ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിച്ച് അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ആര്‍എസ്എസിനെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്ന കേരളാ പോലിസ് ആര്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഷീദ് സംബന്ധിച്ചു.