രാഷ്ട്രീയമായി ഇപ്പോഴും സമദൂരത്തില്‍; വിരട്ടാന്‍ നോക്കേണ്ടെന്ന്‌ മുഖ്യമന്ത്രിയോട് എന്‍എസ്എസ്

എന്‍.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു

Update: 2021-03-24 09:03 GMT

കോട്ടയം: എന്‍എസ്എസിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ അഭിപ്രായങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. സര്‍ക്കാറിനെതിരെയുള്ള എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ പൊതുസമൂഹത്തില്‍ സംശയങ്ങളുണ്ടാക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായിട്ടാണ് ജി.സുകുമാരന്‍ നായര്‍ പ്രസ്താവന ഇറക്കിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എന്‍.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എന്‍.എസ്.എസ്. ഇപ്പോഴും സമദൂരത്തില്‍തന്നെയാണ്. എന്‍.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും പ്രസ്താവനയില്‍ പറഞ്ഞു.


സര്‍ക്കാരിനോട് എന്‍എസ്എസിന് ഒരു പ്രത്യേക പെരുമാറ്റം ഉണ്ടെന്ന് നാട്ടില്‍ ഒരു അഭിപ്രായം ഉയരുന്നുണ്ട്. അത് സുകുമാരന്‍ നായര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിനോട് പ്രധാനമായി എന്‍.എസ്.എസ്. ആവശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം. രണ്ട്, ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10% സാമ്പത്തികസംവരണം കേരളത്തിലും നടപ്പാക്കണം. മൂന്ന്, സാമൂഹികപരിഷ്‌കര്‍ത്താവും സമുദായാചാര്യനുമായ മന്നത്തു പത്മനാഭന്റെ ജന്മദിനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത് നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൂടി ഉള്‍പ്പെടുത്തണം എന്നിവയാണ് അതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.


ഇതില്‍ മാത്രമാണ് സംഘടന പ്രതികരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്‍.എസ്.എസ്സിനെ വിമര്‍ശിക്കുന്നവര്‍ വ്യക്തമാക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.




Tags:    

Similar News