പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം: ബിജെപി സമ്മര്‍ദ്ദത്തിന് സിപിഎം കീഴടങ്ങിയെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

കോഴിക്കോട്: പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിന് സിപിഎം കീഴടങ്ങിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും താല്‍പ്പര്യത്തെ മറികടന്നാണ് പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പ്രാദേശിക പ്രതിഷേധങ്ങളില്‍ നിന്നു വ്യക്തമാണ്. പൊന്നാനിയില്‍ അടക്കം മലബാറില്‍ ഹിന്ദുക്കളെ സ്ഥാനാര്‍ഥിയാക്കാന്‍ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന കെ സുരേന്ദ്രന്റെ ആരോപണം. സുരേന്ദ്രന്റെ ആരോപണത്തെ മണ്ഡലത്തിന്റെ ചരിത്രം മുന്‍നിര്‍ത്തി പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിനില്ലാതെ പോയി. മണ്ഡലം രൂപീകരണ കാലം മുതല്‍ അവിടെ നിരവധി തവണ ഹിന്ദു സ്ഥാനാര്‍ഥികള്‍ വിജയിച്ചു എന്ന വസ്തുത ബോധപൂര്‍വം മറച്ചുവെക്കുകയായിരുന്നു.
കെ ജി കരുണാകരന്‍, എം പി ഗംഗാധരന്‍, കെ ശ്രീധരന്‍, പി ടി മോഹനകൃഷ്ണന്‍, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയവരാണ്. ഗംഗാധരന്‍ മൂന്നു തവണ പൊന്നാനിയില്‍ നിന്നു വിജയിച്ചു. ശ്രീരാമകൃഷ്ണന്‍ രണ്ടാം തവണയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിന് മുമ്പില്‍ മുട്ടുമടക്കി പാര്‍ട്ടി അണികളുടെ താല്‍പ്പര്യം ബലികഴിക്കുകയായിരുന്നു. ബി.ജെ.പി.യുമായി എല്‍.ഡി.എഫും യു.ഡി.എഫും പുലര്‍ത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം സംസ്ഥാനത്തിന് അപകടമാണ്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറെ സഹായകരമായ ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ നിലപാട് അവരുടെ മതനിരപേക്ഷ നിലപാടിന് വിരുദ്ധമായിരുന്നെന്നും മജീദ് ഫൈസി പറഞ്ഞു.