നാദാപുരത്ത് പോപുലര്‍ ഫ്രണ്ട് ഡേ പൊതുസമ്മേളനം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: നാദാപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പോപുലര്‍ ഫ്രണ്ട് ഡേ പൊതുസമ്മേളനം ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുമെന്ന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17നാണ് പോപുലര്‍ ഫ്രണ്ട് ഡേ ആചരിക്കുന്നത്. 17ന് വൈകുന്നേരം 4.45ന് നാദാപുരത്ത് നടക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും തലശ്ശേരി റോഡില്‍ നിന്നും ആരംഭിച്ച് നാദാപുരം ബസ് സ്റ്റാന്റ് വഴി കല്ലാച്ചി ടൗണിന് സമീപം പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗങ്ങളായ പി എന്‍ മുഹമ്മദ് റോഷന്‍, കെ സാദത്ത്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി എ ഫൈസല്‍ മൗലവി, എന്‍ഡബ്ല്യുഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ട് പിന്നിട്ട രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും അന്തമില്ലാതെ തുടരുകയാണ്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കൊന്നുതീര്‍ത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്ര സംഘടനകള്‍. ഈ പശ്ചാത്തലത്തിലാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആഘോഷിക്കുന്നത്.
ബി നൗഷാദ് (ജനറല്‍ കണ്‍വീനര്‍, സ്വാഗതസംഘം), സി എ ഹാരിസ് (ജില്ലാ പ്രസിഡന്റ്, കോഴിക്കോട് നോര്‍ത്ത്), കെ കെ കബീര്‍ (ജില്ലാ പ്രസിഡന്റ്, കോഴിക്കോട് സൗത്ത്) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്തിന് പുറമെ സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലും യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.