വിദ്വേഷ പ്രചാരകരെ സംരക്ഷിക്കുന്ന കേരളാ പോലിസ് ആര്‍എസ്എസിന് കീഴ്‌പ്പെടുന്നു: പോപുലര്‍ ഫ്രണ്ട്
കൊച്ചി: ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ നിരന്തരം വിദ്വേഷ പ്രചാരണങ്ങളും കൊലവിളി പ്രസംഗങ്ങളും നടത്തിയിട്ടും കേസെടുക്കാതെ കേരളാ പോലിസ് വര്‍ഗീയതയ്ക്ക് കുട പിടിക്കുകയാണെന്ന് പോപുലര്‍ ഫ്രണ്ട്. ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നവരെ പോലിസ് തിരഞ്ഞുപിടിച്ച് വേട്ടയാടുകയാണ്. സാമൂഹികമാധ്യമങ്ങള്‍ വഴി ആര്‍എസ്എസിന്റെ വിദ്വേഷ പ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നവരെ വേട്ടയാടുന്നതിലൂടെ പ്രത്യക്ഷമായി തന്നെ കേരളാ പോലിസ് ആര്‍എസ്എസിന് കീഴ്‌പ്പെടുന്നുവെന്ന് തെളിയിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു.
കൊച്ചയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ കേരള പോലിസിന്റെ ആര്‍എസ്എസ് ദാസ്യത്തിനെതിരേ ആഞ്ഞടിച്ചത്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ്, ജില്ലാ പ്രസിഡന്റ് വി കെ സലിം എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
''സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘപരിവാര്‍ നേതാക്കളും അണികളും നടത്തിയ അതിതീവ്രമായ വിദ്വേഷ കൊലവിളി പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധ ഘട്ടങ്ങളിലായി പോപുലര്‍ ഫ്രണ്ട് പരാതി നല്‍കിയിട്ടുണ്ട്. നിരവധി പൊതുപ്രവര്‍ത്തകരും സംഘടനകളും ഇതേ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ ബിജെപി, ആര്‍എസ്എസ് കലാപാഹ്വാനം ചൂണ്ടിക്കാട്ടി മൂന്നാഴ്ച മുമ്പ് പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിലൊന്നും യാതൊരു നടപടിയും പോലിസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. എന്നാല്‍ ഇത്തരത്തില്‍ നടപടി ആവശ്യപ്പെട്ടവരെ ഇപ്പോള്‍ തിരഞ്ഞുപിടിച്ച് വേട്ടയാടുകയും കേസെടുക്കുകയുമാണ്. മുസ്‌ലിംകളേയും മുസ്‌ലിം സംഘടനകളേയും വേട്ടയാടുകയെന്ന ആര്‍എസ്എസിന്റെ പണി കേരളാ പോലിസ് ഏറ്റെടുക്കുന്നത് ഗൗരവതരമാണ്. കെ പി ശശികല, എന്‍ ഗോപാലകൃഷ്ണന്‍, ടി ജി മോഹന്‍ദാസ്, പ്രതീഷ് വിശ്വനാഥ്, കെ സുരേന്ദ്രന്‍, സന്ദീപ് വചസ്പതി, ആര്‍ വി ബാബു, സന്ദീപ് വാര്യര്‍ തുടങ്ങിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നിരവധി പരാതികളാണ് പോലിസിന് ലഭിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരേക്കും പോലിസ് സ്വീകരിച്ചിട്ടില്ല''- പോലിസ് തുടരുന്ന ഈ മൃദുസമീപനം മുതലെടുത്ത് ഇക്കൂട്ടര്‍ വിദ്വേഷ പ്രചാരണം തുടരുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
''മുമ്പ് സോഷ്യല്‍ മീഡിയ വഴി പ്രതീഷ് വിശ്വനാഥ് എന്ന സംഘപരിവാര്‍ നേതാവ് ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ കേരളത്തിലല്ല എന്നു പറഞ്ഞ് കൈമലര്‍ത്തിയ കേരളാ പോലിസ് ആര്‍എസ്എസുകാര്‍ക്ക് എതിരെ കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ട വിദേശത്തുള്ളവര്‍ക്ക് എതിരേ പോലും കേസെടുത്ത് സംഘപരിവാരത്തിന് ദാസ്യപ്പണി ചെയ്യുകയാണ്. ആലപ്പുഴയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് ജയ് ശ്രീറാം, വന്ദേമാതരം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും മുസ്‌ലിം വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്തത് ഇതോടൊപ്പം കൂട്ടിവായിക്കണം. ഹിന്ദുത്വ ഭീകരത എന്ന പരാമര്‍ശത്തിന്റെ പേരിലാണ് പോപുലര്‍ ഫ്രണ്ട് തൃശൂര്‍ ജില്ലാ സെക്രട്ടറിയെ സ്‌റ്റേഷനില്‍ തടഞ്ഞുവച്ച് കേസെടുത്തത്. ഇസ്‌ലാമിക തീവ്രവാദം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ മൗനം പാലിക്കുകയും ആശയപരമായി തന്നെ ഭീകരത പ്രചരിപ്പിക്കുന്ന ഹിന്ദുത്വത്തെ വിമര്‍ശിക്കുമ്പോള്‍ കേസ് എടുക്കുകയും ചെയ്യുന്ന വ്യക്തമായ വിവേചനമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കാണുന്നത്.
ഒരുവശത്ത് പോലിസ് ഉദ്യോഗസ്ഥരാണ് മുസ്‌ലിം യുവാക്കളെ പീഡിപ്പിച്ച ശേഷം ജയ്ശ്രീറാം വിളിപ്പിക്കുന്നത്. മറുവശത്ത് ഇതേ ജയ്ശ്രീറാം വിളിച്ചാണ് എറണാകുളം കിഴക്കമ്പലത്ത് പോലിസ് വാഹനം കത്തിച്ചതും വലിയ കലാപം നടത്തിയതും. ഹിന്ദുത്വ ഭീകരതയുടെ ഈ അഴിഞ്ഞാട്ടം പോലിസിന് നേരെ പോലും ഉയര്‍ന്നിട്ടും അതിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നത് നമ്മുടെ നിയമപാലന സംവിധാനം എത്രമാത്രം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. നിരപരാധികളെ വേട്ടയാടുന്നത് അവസാനിപ്പിച്ച് കുറ്റവാളികളും ക്രിമിനല്‍ പശ്ചാത്തലവുമുള്ള ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.